വാഷിങ്ടൻ : യുഎസിലെ ഇലിനോയിയിൽ പലസ്തീൻ വംശജരായ വാടകക്കാർക്കു നേരെ വീട്ടുടമസ്ഥൻ നടത്തിയ ആക്രമണത്തിൽ പിഞ്ചുബാലൻ വാദിയ അൽ ഫയൂമി (6) കുത്തേറ്റുമരിച്ചു. മാതാവ് ഹനാൻ ഷാഹിനു (32) പരുക്കേറ്റു. മതവിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യത്തിനു വീട്ടുടമ ജോസഫ് എം സൂബയെ (71) പൊലീസ് അറസ്റ്റ് ചെയ്തു.
ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രതികരണമായാണ് ഇയാൾ ആക്രമണം നടത്തിയതെന്നു പൊലീസ് കരുതുന്നു. പലസ്തീൻകാരെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയ സന്ദേശങ്ങൾ ഇയാൾ കൈമാറിയതായി സൂചനയുണ്ട്. ബാലന് ഇരുപതിലേറെ കുത്തേറ്റതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പത്തിലേറെ കുത്തേറ്റ മാതാവിന്റെ നില ഗുരുതരമല്ല.
ഷിക്കാഗോയിൽ നിന്ന് 65 കിലോമീറ്ററകലെ പ്ലെയിൻ ഫീൽഡ് ടൗൺഷിപ്പിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുടമ കത്തിയുമായി ആക്രമിച്ചെന്നും പേടിച്ച് താൻ കുളിമുറിയിൽ ഒളിച്ചെന്നും മാതാവ് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് കുത്തേറ്റ ബാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നെറ്റിയിൽ മുറിവേറ്റ നിലയിൽ വീടിനു വെളിയിൽ കണ്ടെത്തിയ ജോസഫിനെ അവർ കസ്റ്റഡിയിലെടുത്തു.
വെസ്റ്റ്ബാങ്ക് സ്വദേശിയായ ഹനാൻ ഷാഹിൻ 12 വർഷം മുൻപ് യുഎസിൽ എത്തിയതാണ്. 4 വർഷമായി ഇതേ വീട്ടിലാണു താമസിക്കുന്നത്. സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മതവിദ്വേഷത്തിനും ക്രൂരതയ്ക്കും യുഎസിൽ ഇടമില്ലെന്നു പ്രതികരിച്ചു.