ബംഗളൂരു: 2035ൽ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലിറക്കാനും ലക്ഷ്യമിടാൻ ശാസ്‍ത്രജ്ഞർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗഗൻയാൻ ടീമിലെ ശാസ്ത്രജ്ഞരുടെ ഉന്നത തലയോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. ലക്ഷ്യം മുന്നിൽകണ്ട് ബഹിരാകാശ വകുപ്പ് ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിനായുള്ള മാർഗ രേഖ തയാറാക്കും. ശുക്രൻ, ചൊവ്വ, ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ തുടങ്ങാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് നിർദേശം നൽകി.
ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ അതുല്യമായ വിജയം കാഴ്ചവെക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യരാജ്യമായി മാറിയിരിക്കയാണ് നിലവിൽ ഇന്ത്യ. ചന്ദ്രയാൻ 3ന്റെ വിജയത്തിനു ശേഷം സെപ്റ്റംബറിൽ ഇന്ത്യ സൗരദൗത്യത്തിനായി ആദിത്യ എൽ.വണ്ണിനെയും വിജയകരമായി അയച്ചിരുന്നു. ആദിത്യ പൂർണ ആരോഗ്യവാനാണെന്നും ലക്ഷ്യം തേടിയുള്ള യാത്രയിലാണെന്നുമായിരുന്നു ദൗത്യത്തെ കുറിച്ച് ഐ.എസ്.ആർ.ഒ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.