ബ്രസൽസ്: രണ്ട് സ്വീഡിഷ് പൗരന്മാരെ ബ്രസൽസിൽ തോക്കുധാരി വെടിവെച്ചുകൊന്നതിനെത്തുടർന്ന് ബെൽജിയം കിങ് ബൗഡോയിൻ സ്റ്റേഡിയത്തിൽ യൂറോ യോഗ്യത മത്സരം കാണാനെത്തിയ പതിനായിരങ്ങളെ സുരക്ഷ കാരണങ്ങളാൽ രണ്ടര മണിക്കൂറോളം തടഞ്ഞുവെച്ചു. തിങ്കളാഴ്ച ബെൽജിയവും സ്വീഡനും തമ്മിലെ മത്സരത്തിന്റെ കിക്കോഫിന് മുമ്പാണ് അഞ്ച് കിലോമീറ്റർ അകലെ വെടിവെപ്പുണ്ടായിരുന്നത്. വിവരം പുറത്തുവന്നതോടെ കളി പകുതി സമയത്ത് റദ്ദാക്കിയെങ്കിലും കാണികളെ പുറത്തുവിട്ടില്ല. ആക്രമി കൂടുതൽ സ്വീഡൻകാരെ ലക്ഷ്യമിടുമെന്ന ആശങ്കയായിരുന്നു ഇതിന് പിന്നിൽ. ആക്രമിയെന്ന് സംശയിക്കുന്നയാളെ പിന്നീട് പൊലീസ് വെടിവെച്ചുകൊന്നു.
തിങ്കളാഴ്ച രാത്രി 35,000-ത്തിലധികം ആരാധകരാണ് ബെൽജിയം-സ്വീഡൻ മത്സരത്തിനെത്തിയത്. കൂട്ടത്തിൽ നൂറുകണക്കിന് സ്വീഡിഷ് പൗരന്മാരുമുണ്ടായിരുന്നു. മത്സരം റദ്ദാക്കിയെങ്കിലും അർധരാത്രിയാണ് കാണികളെ പുറത്തേക്ക് വിട്ടത്. സംഭവമറിഞ്ഞതോടെ ആരാധകർ ‘‘എല്ലാവരും ഒരുമിച്ച്, എല്ലാവരും ഒരുമിച്ച്’’എന്ന് മുദ്രാവാക്യം മുഴക്കി. ഇരുവശത്തുനിന്നും ‘‘സ്വീഡൻ, സ്വീഡൻ!’’ എന്നും വിളിച്ചുപറഞ്ഞു. കിക്കോഫിന് മിനിറ്റുകൾക്ക് മുമ്പ് ബ്രസൽസ് നഗരത്തിൽ ‘‘ഗുരുതരമായ എന്തോ ഒന്ന്’’ സംഭവിച്ചെന്നും ആ സമയത്ത് സ്റ്റേഡിയം ഏറ്റവും സുരക്ഷിതമായ സ്ഥലമായതിനാലാണ് ആരാധകരെ പുറത്തുവിടാതിരുന്നതെന്നും ബെൽജിയൻ ഫുട്ബാൾ യൂനിയൻ സി.ഇ.ഒ മനു ലെറോയ് പറഞ്ഞു. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ നിൽക്കെയാണ് മത്സരം ഉപേക്ഷിച്ചത്.