ഡബ്ലിൻ/തൃശൂർ; അയർലൻഡിൽ കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശി വിൻസന്റ് ചിറ്റിലപ്പള്ളി (72) യുടെ മരണത്തിന് കാരണം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ആണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണ വാർത്ത പങ്കുവെച്ചു കൊണ്ട് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്ന വിൻസന്റ് തന്റെ സമ്പാദ്യത്തിന്റെ മുഖ്യഭാഗവും ഇവിടെ നിക്ഷേപിച്ചിരുന്നതായും എന്നാൽ ഇപ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് പോലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് വിൻസന്റിന്റെ കുടുംബമെന്നും അനിൽ അക്കര ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. തൃശൂർ എംപി ടി. എൻ. പ്രതാപന്റെ നേതൃത്വത്തിൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിവെന്നും അനിൽ അക്കര പറയുന്നുണ്ട്. വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ അടിയന്തരമായി സർക്കാർ സഹായം ഉണ്ടാകണമെന്നും അനിൽ അക്കര അവശ്യപ്പെട്ടു.
വിന്‍സെന്റ് ചിറ്റിലപ്പള്ളി അയർലൻഡിലെ ദ്രോഗഡയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്ട്രോക്ക് മൂലമാണ് അന്തരിച്ചത്. 2005 ൽ അയർലൻഡിൽ എത്തിയ വിൻസന്റും ഭാര്യയും ഇപ്പോഴും വാടക വീടിലായിരുന്നു കഴിഞ്ഞിരുന്നത്. മക്കൾ നാട്ടിൽ ആയിരുന്നതിനാൽ റിട്ടയർമെന്റ് ജീവിതം നാട്ടിൽ ആക്കാം എന്നാണ് വിൻസന്റും ഭാര്യ താര വിന്‍സന്റും ആഗ്രഹിച്ചിരുന്നത്. ഇതേ തുടർന്ന് ദ്രോഗഡയിലെ ലൂര്‍ദ്ദ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന താരയുടെ സമ്പാദ്യമുൾപ്പടെ കരുവന്നൂരിൽ നിക്ഷേപിക്കുകയായിരുന്നു.
ബാങ്കിൽ തട്ടിപ്പ് നടന്ന വിവരം പുറത്തു വന്നതോടെ തങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കാൻ ബന്ധപ്പെട്ടുവെങ്കിലും ലഭ്യമായില്ല. ഇതേ തുടർന്ന് കടുത്ത മാനസിക വിഷമത്തിലും സാമ്പത്തിക പ്രയാസത്തിലും ആയിരുന്നു വിൻസന്റും കുടുംബവുമെന്ന് ഭാര്യ താര വിൻസന്റ് അനിൽ അക്കരയുടെ ആരോപണം ശരിവെച്ചു കൊണ്ട് പ്രതികരിച്ചു. ഇവരുട മക്കളായ തുഷാര വിൻസന്റ്, അമൂല്യ വിൻസന്റ് എന്നിവർ വിവാഹിതരായി നാട്ടിലാണ് ഉള്ളത്. മകൻ അഭയ് വിൻസന്റ് യുകെയിൽ വിദ്യാർഥിയും.
ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിൻസന്റ് ചിറ്റിലപ്പിള്ളി അയർലൻഡ് മലയാളികൾക്ക് ഏറെ പ്രീയപ്പെട്ടവനായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്താനാണ് തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടികൾ പൂർത്തീകരിക്കുന്നതിനും ദ്രോഗഡ മലയാളി അസോസിയേഷൻ (ഡിഎംഎ) ഉൾപ്പടെ വിവിധ ഇന്ത്യൻ സംഘടനകൾ കുടുംബത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവർ വിൻസന്റിന്റെ കുടുംബത്തിനായി പ്രാദേശികമായി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. താരയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭ്യമാകും വിധമാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം ഭരണസമിതിയുടെ അറിവോടെ മാനേജറും അക്കൗണ്ടന്റും ഉൾപ്പെടെയുള്ളവർ വായ്പാ–നിക്ഷേപത്തട്ടിപ്പുകൾ വഴി 300 കോടി തട്ടിയെന്നു പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ജൂണിലാണ്. ബാങ്ക് പ്രസിഡന്റ് അടക്കം ഭരണസമിതി അംഗങ്ങളും മാനേജർ ഉൾപ്പെടെ ആറു ജീവനക്കാരും അറസ്റ്റിലായി. സംഭവം വൻ വിവാദമായതോടെ നിയമസഭയിൽ സർക്കാർ ഏറെ പ്രതിരോധത്തിൽ ആയിരുന്നു.
∙ അനിൽ അക്കരയുടെ ഫേസ് ബുക്ക് കുറിപ്പ്:
കരിവന്നൂർ കൊള്ളയുടെ ഇരയായി മരണമടഞ്ഞ വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അയർലണ്ടിലെ മലയാളിസമൂഹം, അയര്‍ലണ്ടിലെ ദ്രോഗഡയിൽ വെച്ച് മരണപെട്ട കരുവന്നൂര്‍ സ്വദേശി വിൻസെന്റ് സമ്പാദിച്ചതെല്ലാം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിന്റെ സഹായം വേണം.
അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാണ് , ദ്രോഗഡയിലെ താമസക്കാരനുമായ വിന്‍സെന്റ് ചിറ്റിലപ്പള്ളി (72) ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. ദ്രോഗഡയിൽ ആദ്യമായി എത്തിയ മലയാളി കുടുംബങ്ങളിൽ ഒന്നായിരുന്നു ഇദ്ദേഹത്തിന്റേത്. ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്നു.
ഈ കുടുംബത്തെ സഹായിക്കാനുള്ള നടപടികൾ ടി എൻ പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ അടിയന്തിരമായി സ്വീകരിച്ചുവരികയാണ്.