ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും. പതിവിലും നേരത്തേയാണ് ഇത്തവണ ആഗോളഗ്രാമം സഞ്ചാരികളെ വരവേൽക്കുന്നത്. ഇതോടെ ദുബൈയിലെ പുതിയ ടൂറിസം സീസണും സജീവമാവുകയാണ്. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയെട്ടാമത്തെ സീസണാണ് തുടക്കമാകുന്നത്.
മുൻ വർഷങ്ങളിൽ ഒക്ടോബർ അവസാനമോ നവംബർ തുടക്കത്തിലോ മാത്രമാണ് ഗ്ലോബൽ വില്ലേജ് കാണികളെ വരവേറ്റിരുന്നതെങ്കിൽ ഇക്കുറി ഒരാഴ്ച നേരത്തേയാണ് ആഗോളഗ്രാമം വാതിൽ തുറക്കുന്നത്. ഏപ്രിൽ 28 വരെ ലോകമെമ്പാടുമുള്ള സാംസ്കാരിക കാഴ്ചകളും ആഘോഷങ്ങളും രുചി വൈവിധ്യങ്ങളും ഇവിടെ സംഗമിക്കും. പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക് ഇക്കുറി വർധിച്ചിട്ടുണ്ട്. 25 ദിർഹമാണ് നിരക്ക്. ഓൺലൈൻ വഴി ടിക്കറ്റെടുത്താൽ 22 ദിർഹം 50 ഫിൽസ് മതി. വിവിധ രാജ്യങ്ങളിലെ പ്രമുഖരായ 400 കലാകാരൻമാർ വേദിയിലെത്തും. 40,000 പരിപാടികളുണ്ടാകും. എല്ലാ വാരാന്ത്യങ്ങളിലും രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും. കാർണിവൽ സോണിൽ 170 റൈഡുകളുണ്ടാകും.
പ്രവർത്തിദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 12 വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒന്ന് വരെയും ഗ്ലോബൽ വില്ലേജ് സജീവമാകും.