തിരുവനന്തപുരം : റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ഇന്നു രാവിലെ 6.30നാണ് സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന സമരത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം. ഉപരോധത്തിനു വരുന്ന വാഹനങ്ങൾ ആശാൻ സ്ക്വയറിൽ ആളെയിറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം. ദേശീയപാത വഴി വരുന്ന വാഹനങ്ങൾ ചാക്ക-പേട്ട വഴിയാണ് എംഎൽഎ ഹോസ്റ്റലിനു മുന്നിലെ ആശാൻ സ്ക്വയറിലെത്തേണ്ടത്. എംസി റോഡ് വഴി വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട്- പോത്തൻകോട് – വെട്ടുറോഡ് – കഴക്കൂട്ടം ബൈപാസ് – ചാക്ക– പേട്ട വഴിയാണ് ആശാൻ സ്ക്വയറിനു മുന്നിലെത്തേണ്ടതെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.