ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലുള്ള മിസൂറി സിറ്റിയിൽ ഒരു എലിമെന്ററി സ്കൂളിന് ഇന്ത്യൻ അമേരിക്കൻ അധ്യാപികയായിരുന്ന സൊണാൽ ഭുക്കറിന്റെ പേരിട്ടു. 2019ൽ 58 വയസിൽ കാൻസർ ബാധിച്ചു മരിച്ച സൊണാൽ ഭുക്കറിന്റെ മികച്ച സേവനങ്ങൾ വിലയിരുത്തിയാണ് സ്കൂൾ ഡിസ്‌ട്രിക്‌ട് ബോർഡ് എതിരില്ലാതെ ഈ തീരുമാനം എടുത്തത്.
ബോർഡ് അംഗവും ഏറെ ആദരിക്കപ്പെട്ട നേതാവുമായിരുന്നു സൊണാൽ ഭുക്കർ. ചൈൽഡ് അഡ്വക്കേറ്റ്സ്, ലിറ്ററസി കൗൺസിൽ, കൾച്ചറൽ ആർട്സ് ഫൗണ്ടേഷൻ, ഫോർട്ട് ബെൻഡ് എജുക്കേഷൻ ഫൗണ്ടേഷൻ എന്നിവയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഫോർട്ട് ബെൻഡ് സ്കൂൾ ഡിസ്‌ട്രിക്‌ട് ബോർഡിലേക്ക് ആറു വർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട അവർ രണ്ടു വർഷം പ്രസിഡന്റും ആയിരുന്നു. മുംബൈ സ്വദേശിനിയായ സൊണാൽ ഫിസിയോതെറാപ്പിയിലാണ് പരിശീലനം നേടി ബിരുദമെടുത്തത്. 1984ൽ ഡോക്ടറായ ഭർത്താവ് സുബോധ് ഭുക്കറുമൊത്തു ഹ്യുസ്റ്റണിലേക്കു കുടിയേറി.
മറ്റുള്ളവരുടെ സേവനത്തിൽ മുഴുകുമ്പോഴാണ് സ്വയം കണ്ടെത്തുക എന്നായിരുന്നു അവരുടെ മുദ്രാവാക്യം. സൊണാലിന്റെ മികച്ച സേവനങ്ങൾ പേരിടൽ ചടങ്ങിൽ അനുസ്മരിച്ചു. കോൺസൽ ജനറൽ മഞ്ജുനാഥ് ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയെ കുറിച്ചുള്ള ഏതാനും ഗ്രന്ഥങ്ങൾ അദ്ദേഹം സ്കൂളിനു നൽകി. അമ്മയെക്കുറിച്ചുള്ള ഓർമകൾ സൊണാലിന്റെ മക്കൾ പങ്കുവച്ചു. പ്രതിഫലം ആഗ്രഹിക്കാതെയുള്ള അവരുടെ സേവനത്തിന്റെ മഹത്വം പാഠം ആയെന്നു അവർ പറഞ്ഞു.