എൻഡിഎയുടെ സെക്രട്ടേറിയറ്റ് ഉപരോധം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ടുള്ള എൻഡിഎയുടെ സെക്രട്ടേറിയറ്റ് ഉപരോധം ഈ മാസം 30നാണ്. സഹകരണ ബാങ്ക് വിവാദം, മാസപ്പടി വിവാദം, തുടങ്ങി വിവിധ വിവാദങ്ങൾ ഉയർത്തിയാണ് ഉപരോധം നടക്കുന്നത്.
കേരളത്തിൽ എൽഡിഎഫിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നത് ബിജെപിയാണെന്ന് വരുത്തനാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന യോഗത്തിൽ തീരുമാനമായത്. നവംബറിൽ ആയിരത്തിലേറെ പ്രതിഷേധങ്ങളും പ്രാദേശിക തലത്തിലും നടത്താൻ ബിജെപി തീരുമാനിച്ചു.
അതേസമയം റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് നടന്നു.‘സര്‍ക്കാരല്ലിത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.രാവിലെ 6.30നാണ് ഉപരോധസമരത്തിന് തുടക്കമായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്‌തു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.