ജിദ്ദ: ഇസ്രയേലിനെതിരെ എണ്ണ ഉപരോധവും മറ്റ് ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനായ ഒഐസിയോട് ആവശ്യപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍. ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായി ബന്ധമുള്ള അംഗരാജ്യങ്ങള്‍ എല്ലാ അംബാസഡര്‍മാരെയും പുറത്താക്കണമെന്നും അമിറാബ്ദൊല്ലാഹിയാന്‍ ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ രേഖപ്പെടുത്താന്‍ ഇസ്ലാമിക അഭിഭാഷകരുടെ ഒരു സംഘം രൂപീകരിക്കണമെന്നും അമിറാബ്ദൊല്ലാഹിയാന്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ ഒഐസിയുടെ അടിയന്തിര യോഗം ചേരുന്നതിന് മുന്നോടിയായാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതിനിടെ ഒഴിഞ്ഞുപോകാന്‍ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് ഫോണിലൂടെ മുന്നറിയിപ്പ് ലഭിച്ചതായി ആര്‍ച്ച് ബിഷപ്പ് ഹോസം നൗം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ജെറുസലേമിലെ സഭാ നേതൃത്വത്തോട് സംസാരിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ വെളിപ്പെടുത്തല്‍. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മുന്നറിയിപ്പ് ലഭിച്ചതായാണ് വെളിപ്പെടുത്തല്‍. ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള ആശുപത്രിയാണ് ആക്രമണത്തിന് ഇരയായ അല്‍ അഹ്ലി അറബ് ആശുപത്രി.
ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബൈഡൻ നിലപാട് വ്യക്തമാക്കിയത്. ‘ഞാന്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇത് നിങ്ങളല്ല മറ്റേ ടീമാണ് ചെയ്തതെന്ന് തോന്നുവെന്ന്’ ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഗാസയില്‍ ആശുപത്രിക്ക് നേരെ ആക്രമണത്തില്‍ ബൈഡന്‍ ഇസ്രയേലിനെ കുറ്റവിമുക്തരാക്കിയിരിക്കുന്നു എന്ന വിലയിരുത്തലുമുണ്ട്. .
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായവും അമേരിക്ക നല്‍കുമെന്നും ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ടീം ഗാസയിലെ ആശുപത്രിയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിലെ ആശുപത്രി ആക്രമണം; ഇസ്രയേലിന് ക്ലീൻചിറ്റ് നൽകി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ
ഗാസയിലെ ആശുപത്രിയില്‍ നടന്ന ആക്രമണം ഗാസയ്ക്കുള്ളില്‍ നിന്ന് ഉണ്ടായതാണെന്ന വിശദീകരണവുമായി നേരത്തെ ഇസ്രയേലി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി രംഗത്ത് വന്നിരുന്നു. പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗം തൊടുത്തുവിട്ട റോക്കറ്റുകള്‍ ദിശമാറി ആശുപത്രിയില്‍ പതിക്കുകയായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈനിക വക്താവിന്റെ വിശദീകരണം. ആശുപത്രിക്ക് സമീപത്തെ സെമിത്തേരിയില്‍ നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്നും ഐഡിഎഫ് വക്താവ് ചൂണ്ടിക്കാണിച്ചു. കേടുപാടുകള്‍ വിശകലനം ചെയ്ത് ഐഡിഎഫിന്റെ ഏരിയല്‍ ഫുട്ടേജ് അനലിസ്റ്റ് വ്യക്തതയോടെ ഇത് വിശദീകരിച്ചെന്നും സൈനിക വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആശുപത്രിക്ക് പുറത്തുള്ള ഒരു കാര്‍ പാര്‍ക്കിങ്ങിന് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചതെന്ന് ഹഗാരി ചൂണ്ടിക്കാണിച്ചു. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളുടെ അനന്തരഫലങ്ങള്‍ കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളും ഗര്‍ത്തങ്ങളും പോലുള്ള കൂടുതല്‍ തീവ്രമായ അനന്തരഫലങ്ങള്‍ക്ക് കാരണമാകുമെന്നും ഹഗാരി ചൂണ്ടിക്കാണിച്ചു. സായുധ വിഭാഗത്തിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിന് തെളിവുകള്‍ ഉണ്ടെന്നും ഹഗാരി വ്യക്തമാക്കിയിട്ടുണ്ട്. റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് റോക്കറ്റുകള്‍ തൊടുത്തുവിട്ടത്, ‘ഗാസയ്ക്കുള്ളില്‍ നിന്നാണെന്ന് വ്യക്തമായതായും ഹഗാരി ഉറപ്പിക്കുന്നു.
ഇതിനിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3300 ആയി. പരിക്കേറ്റവരുടെ എണ്ണം 13000 കടന്നു. ഹമാസ്-ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ 61 പേര്‍ കൊല്ലപ്പെടുകയും 1250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 4475 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.