Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ജനം വളയുമ്പോൾ ', ജെയിംസ് കൂടൽ എഴുതുന്നു

‘ജനം വളയുമ്പോൾ ‘, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തെ ജനം വളയുന്ന അവസ്ഥ. തിരഞ്ഞെടുക്കപ്പെട്ടവർ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി ജനഹിതം അപമാനിക്കുമ്പോൾ ജനാധിപത്യത്തിന്റെ രക്ഷയ്ക്കാണ് ഇങ്ങനെയൊരു പ്രതിഷേധം. പഞ്ചായത്തംഗം മുതൽ മുഖ്യമന്ത്രി വരെ അഴിമതിയുടെ കറപുരണ്ട പ്രതികൂട്ടിലാകുമ്പോൾ വോട്ടർമാർ പ്രതികരിക്കും. യു.ഡി.എഫ് നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയേറ്റ് വളയൽ സമരത്തിലെ പങ്കാളിത്തം ഇത് ശരിവയ്ക്കുന്നതാണ്. റേഷൻ കട മുതൽ സെക്രട്ടേറിയേറ്റ് വരെ സർവതും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന കാലമാണിത്. എങ്ങും വിവാദങ്ങളും അപവാദങ്ങളും മാത്രം. ഇടത് തുടർഭരണം ജനത്തെ കഴുത്തുഞെരുക്കി കൊല്ലുന്ന അവസ്ഥയിലായിരിക്കുന്നു. സി.പി.എമ്മുകാർ അല്ലാത്തവർ മനുഷ്യരല്ലാ എന്ന നിലപാടിലേക്ക് പാർട്ടി നേതൃത്വം മാറിയിരിക്കുന്നു. ഇവിടെ സാധാരണ ജനത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്. വിലക്കയറ്റം, അഴിമതി, സഹകരണ ബാങ്ക് കൊള്ള, കർഷക അവഗണന, ക്രമസമാധാന തകർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ, ധൂർത്ത്, നിയമന നിരോധനം, നിരക്ക് വർദ്ധന എന്നിങ്ങനെ നീളുന്ന ജനദ്രോഹ നടപടികൾ വോട്ടർമാരെ ചെറുതായല്ല മടുപ്പിച്ചിരിക്കുന്നത്.

തുടർ ഭരണത്തിൽ മത്തുപ്പിടിച്ച് സർക്കാർ ചെയ്യുന്നതെല്ലാം സ്വജനപക്ഷപാതവും അഴിമതിയും മാത്രം. സർക്കാർ അല്ല കൊള്ളക്കാർ ആണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതിൽ ഒരു അതിശയോക്തിക്കും വകയില്ലാത്തതും അതിനാലാണ്. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന അഴിമതി സർക്കാർ എന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുന്നു കേരളം. എ.എെ ക്യാമറ, കെ ഫോൺ, മാസപ്പടി അഴിമതികൾ ഏറെയാണ്. കരിമണൽ മാഫിയായുടെ കൈയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ അച്ചാരം പറ്റിയിരിക്കുന്നു. മാസപ്പടി കേസ് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത് കൊണ്ടുമാത്രം ജനമദ്ധ്യത്തിൽ എത്തി. എന്നാൽ ഈ കേസുകളിൽ ഒന്നും കാര്യമായ അന്വേഷണം നടക്കുന്നില്ല. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ വൈദ്യുതി ബോർഡിന് 1000 കോടിയുടെ നഷ്ടം ഉണ്ടായി. തെറ്റായ നയം നടപ്പിലാക്കിയതാണ് കാരണം. നികുതി പിരിവ് പൂർണമായും പരാജയപ്പെട്ടപ്പോൾ മദ്യത്തിലും ലോട്ടറിയിലും മാത്രമായി അഭയം കണ്ടെത്തി. ബാറുകൾ കൂടിയെങ്കിലും ഇതിലൂടെയുള്ള നികുതി വർദ്ധനയുണ്ടായില്ല. സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നതിനാൽ സ്വർണ്ണ വില കൂടിയിട്ടും നികുതി വർദ്ധനയുണ്ടാകുന്നില്ല.

കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും മുടങ്ങുന്നു, സപ്ളൈ കോയിൽ അവശ്യസാധനങ്ങളില്ല, ഇന്ധന സെസ് വർദ്ധന, തൊഴിൽ ഇല്ലായ്മ എന്നിങ്ങനെ നീളുന്നു ജനദ്രോഹ നടപടികൾ. നാൽപ്പതിനായിരം കോടി രൂപ പെൻഷലകാർക്കും ജീവനക്കാർക്കുമായി നൽകാനുള്ളപ്പോൾ മുഖ്യമന്ത്രി 40 കാറുകളുടെ അകമ്പടിയിൽ പായുകയാണ്. ജീവിതം വഴിമുട്ടിയ ജനം നശിച്ച ഭരണമെന്ന മുദ്ര ചാർത്തുമ്പോൾ ഭരണവിരുദ്ധ വികാരം സംസ്ഥാനമാകെ വ്യാപിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നാളെ മന്ത്രിമന്ദിരങ്ങളിലേക്ക് പടർന്നാൽ അതിശയപ്പെടേണ്ടി വരില്ല. വലഞ്ഞുതുടങ്ങിയാൽ ജനം വളഞ്ഞിട്ട് ആക്രമിക്കുക തന്നെ ചെയ്യും. അത് എത്ര വലിയ ഭരണാധികാരിയെയായാലും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com