കെയ്റോ: ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്ത്. അവശ്യ വസ്തുക്കളുമായി എത്തുന്ന ട്രക്കുകൾ 20 എണ്ണം വീതം ദിവസവും ഗാസയിലേക്ക് പോകാൻ അനുവദിക്കും. ഇക്കാര്യത്തില്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. ഈജിപ്ത് പ്രസിഡന്‍റ് സഹാനുഭൂതിയോടെ പെരുമാറിയെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഹമാസ് ട്രക്കുകള്‍ പിടിച്ചെടുത്താല്‍ ഈ സഹായം അവസാനിക്കുമെന്ന മുന്നറിയിപ്പ് ഈജിപ്ത് നല്‍കി.
ഗാസ മുനമ്പിൽ നിന്ന് അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹം അനുവദിക്കില്ലെന്ന് ഈജിപ്ത് പ്രഡിസന്‍റ് വ്യക്തമാക്കി. അതിനിടെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേലിൽ എത്തും.
അമേരിക്കന്‍ പ്രസഡിന്‍റ് ജോ ബൈഡന്‍ ഇന്നലെ ഇസ്രയേലില്‍ എത്തിയിരുന്നു. ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്നാണ് ബൈഡൻ പറഞ്ഞത്. ഇസ്രയേല്‍ ബെന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. ആശുപത്രിയിൽ ഇസ്രയേൽ ബോംബിടുകയായിരുന്നുവെന്ന് പലസ്തീൻ ആരോപിച്ചു. ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ലക്‌ഷ്യം തെറ്റി ആശുപത്രിയിൽ വീണു എന്നാണ് ഇസ്രയേലിന്റെ വാദം.