ന്യൂഡൽഹി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തിയതായി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
‘‘പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിലെ അൽ അഹ്‍ലി ആശുപത്രിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അറിയിച്ചു. പലസ്തീൻ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരും. പ്രദേശത്ത് നിലനിൽക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയിൽ ആശങ്കയുണ്ട്. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘനാളായുള്ള നിലപാട് ആവർത്തിച്ച് വ്യക്തമാക്കി.’’– മോദി കുറിച്ചു.
ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയും പ്രധാനമന്ത്രിയും സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് പലസ്തീൻ പ്രസിഡന്റുമായി സംസാരിച്ചെന്ന് മോദി വ്യക്തമാക്കിയത്.
അതേസമയം, ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവസരം കിട്ടിയാൽ ഉടൻ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.