വാഷിങ്ടണ്‍: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷത്തിലേക്ക് എടുത്തുചാടരുതെന്ന് മേഖലയിലെ രാജ്യങ്ങൾക്കും സംഘടനകൾക്കും അമേരിക്കയുടെ മുന്നറിയിപ്പ്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് മുന്നറിയിപ്പ് നൽകിയത്. യുഎസ് നയത്തിൽ നിന്ന് വ്യതിചലിച്ചുവെന്ന് ചില ജീവനക്കാർക്ക് പരാതിയുണ്ട്. ഇസ്രയേലിനോടുള്ള നമ്മുടെ പ്രതിബദ്ധത പരിധിക്കപ്പുറമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഗസ്സയിലേക്ക് സഹായം ഉറപ്പാക്കാൻ വെടി നിർത്തൽ അനിവാര്യമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ഗസ്സ ഉപരോധവും ആശുപത്രികളും സ്‌കൂളുകളും ആക്രമിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ ഹ്യൂമൻ റൈറ്റ്സ് വിഭാഗം പറഞ്ഞു. അതേസമയം, ബന്ദികളുടെ മോചനത്തിന് അമേരിക്ക ഖത്തർ മധ്യസ്ഥത തേടിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ വിവിധ രാജ്യങ്ങളിലെ എംബസി ജീവനക്കാരെ ഒഴിപ്പിക്കുകയാണ് ഇസ്രായേൽ. ബഹ്‌റൈൻ, ജോർദാൻ, മൊറോക്കൊ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലെ എംബസി ജീവനക്കാരെയാണ് ഒഴിപ്പിക്കുന്നത്. 20 എംബസികളിലെ ജീവനക്കാരോട് വീടുകളിൽ തങ്ങാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.