ന്യൂഡൽഹി : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേഡിയൻ പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽനിന്നു പിൻവലിച്ചതിനു പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലുടനീളം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്നുമാണ് നിർദേശം.
കാനഡയും ഇന്ത്യയും തമ്മിൽ അടുത്തിടെയുണ്ടായ സംഭവ വികസങ്ങളെത്തുടർന്ന് കാനഡയ്ക്കെതിരെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുവെന്ന് നിർദേശത്തിൽ പറയുന്നു. കാനഡയ്ക്കെതിരെ പ്രതിഷേധത്തിനും ആഹ്വാനം നടക്കുന്നുണ്ട്. കാനഡയ്ക്കെതിരെ പ്രകടനങ്ങൾ നടക്കാനും കാനഡക്കാർക്കെതിരെ അതിക്രമത്തിനും സാധ്യതയുണ്ട്. ഡൽഹിയിലും മറ്റും താമസിക്കുന്നവർ അപരിചിതരുമായി യാതൊരു വിവരവും പങ്കുവയ്ക്കരുത്. മുംബൈ, ചണ്ഡിഗഡ്, ബെംഗളൂരു എന്നീ നഗരങ്ങളിലെ കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. ഈ നഗരങ്ങളിൽ താമസിക്കുന്ന കാനഡക്കാർ ആവശ്യമെങ്കിൽ ഡൽഹിയിലെ ഹൈ കമ്മിഷൻ ഓഫിസുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ത്യയിൽ നിന്ന് 41 നയതന്ത്രപ്രതിനിധികളെ വെള്ളിയാഴ്ചയാണ് കാനഡ തിരിച്ചുവിളിച്ചത്. ഇന്ത്യയിൽ നിന്നും സുരക്ഷിതമായി തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കിയെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുണ്ടായിരുന്നത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.