എക്സ്‍ലോജിക്ക് ഐജിഎസ്ടി അടച്ചെന്ന് റിപ്പോർട്ടിൽ പ്രതികരണം പിന്നീടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കൂടുതൽ പ്രതികരണം വിശദാംശങ്ങൾ അറിഞ്ഞ ശേഷമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ഐജിഎസ്ടി അടച്ചതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നൽകി, മറുപടി വന്നില്ല. വിഷയം ഇവിടെ തീരുന്നില്ല. വിശദമായ പ്രതികരണം പിന്നീടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഐജിഎസ്ടി അടച്ചെങ്കിൽ അത് എന്നാണെന്ന് ഉൾപ്പെടെ രേഖകൾ ഉണ്ടാകുമല്ലോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിയായ എക്സലോജിക് നികുതിയടച്ചെന്ന് ധനവകുപ്പ് വകുപ്പ്. സിഎംആർഎല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോർട്ട് നികുതി വകുപ്പ് കൈമാറി. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി.
നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിച്ചു. മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാൽ നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല.
നികുതിദായകന്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല. വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക്, സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയർന്നിരുന്നു.