ഒട്ടാവ: പള്ളിയിൽ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കുനേരെ പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി പ്രതിഷേധം. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിൽ സ്വീകരിച്ച നിലപാട് പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായി പ്രചരിക്കുകയാണ്.
‘നിങ്ങൾ എന്തുകൊണ്ട് വെടിനിർത്തലിന് ആഹ്വാനം ചെയ്തില്ല’, ‘നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു’ എന്നെല്ലാം ആളുകൾ വിളിച്ചുപറഞ്ഞു. പിന്നീട് വാഹനത്തിൽ കയറാൻ പള്ളിക്ക് പുറത്തെത്തിയപ്പോഴും ആളുകൾ പ്ലക്കാർഡുകളേന്തി പ്രതിഷേധം അറിയിച്ചു. ടൊറന്റോയിലെ ഇന്റർനാഷണൽ മുസ്‌ലിം ഓർഗനൈസേഷനിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ട്രൂഡോയുടെ സന്ദർശനം.
ട്രൂഡോയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നു. മാധ്യമങ്ങളൊന്നും വിവരമറിഞ്ഞിരുന്നില്ല. പശ്ചിമേഷ്യയിലെ സംഭവങ്ങളാൽ മുസ്‌ലിം സമൂഹത്തിന് പിന്തുണ നൽകാനായിരുന്നു സന്ദർശനമെന്ന് പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.