ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതിഷേധം. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനില്‍ ബിജെപി പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ചിത്തോര്‍ഗഢ്, രാജ്സാമണ്ഡ്, ബൂന്ധി, ആല്‍വര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം.
ആദ്യഘട്ടത്തില്‍ 41 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയപ്പോഴും അര ഡസനിലോളം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 81 സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കിയത്. പാര്‍ട്ടി അധ്യക്ഷന്‍ സിപി ജോഷിക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ ചിത്തോർഗഢിൽ പ്രതിഷേധം കനക്കുകയാണ്. അവിടെ സിറ്റിംഗ് എംഎല്‍എയായ ചന്ദ്രഭന് സിംഗിനെ മാറ്റി മറ്റൊരു സീറ്റിംഗ് എംഎല്‍എയായ നര്‍പത് സിംഗ് രജ്വിക്ക് സീറ്റ് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. സിപി ജോഷിക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ പ്രകടനവും സംഘടിപ്പിച്ചു.
രാജ്സാണ്ഡില് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് തീവെച്ചു. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കത്തിക്കുകയും നിരവധി ബൂത്ത് പ്രവര്‍ത്തകര്‍ രാജിവെക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജബല്പൂരില് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ പ്രാദേശിക നേതാക്കള്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന് നേരേയും കയ്യേറ്റമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ വി ഡി ശര്‍മക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.