Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ധനം തീരുന്നു, 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിൽ; അമേരിക്ക ഗാസയിൽ നിഴൽയുദ്ധം ചെയ്യുന്നതായി ഇറാൻ

ഇന്ധനം തീരുന്നു, 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിൽ; അമേരിക്ക ഗാസയിൽ നിഴൽയുദ്ധം ചെയ്യുന്നതായി ഇറാൻ

റഫ: കഴിഞ്ഞ രാത്രി ഉണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഇതിനിടെ ഇസ്രയേല്‍ വീണ്ടും വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 4651 പേര്‍ കൊല്ലപ്പെടുകയും 14245 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 1756 കുട്ടികളും 967 സ്ത്രീകളുമുണ്ട്. 1400ഓളം പേരെ ഗാസയില്‍ കാണാതായി. ഇതില്‍ 720പേര്‍ കുട്ടികളാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 90 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1040 പലസ്തീനികളെ ഇസ്രയേലി സൈന്യം കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. ഹമാസ് ആക്രമണത്തില്‍ 1405 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 5132 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 210 ഇസ്രയേലികളെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്. 100ഓളം പേരെ കാണാനില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ധനം തീരുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇന്‍ക്യുബേറ്ററിലുള്ള 120 നവജാത ശിശുക്കളുടെ ജീവന്‍ അപകടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമാണ് നവജാത ശിശുക്കളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനിടെ അമേരിക്ക ഗാസയില്‍ നിഴല്‍യുദ്ധം നടപ്പിലാക്കുന്നുവെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിലൂടെ അമേരിക്ക അജണ്ട നടപ്പിലാക്കുന്നുവെന്നാണ് വിമര്‍ശനം. ഇസ്രായേല്‍ വഴി പലസ്തീനികള്‍ക്കെതിരെ യുഎസ് നിഴല്‍യുദ്ധം നടത്തുകയാണെന്നും ഗാസയില്‍ സിവിലിയന്‍മാര്‍ക്കെതിരെ ബോംബാക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാനാണ് ആരോപിച്ചത്. ഇസ്രയേലിലേക്ക് അസാധാരണമായ യുദ്ധകാല സന്ദര്‍ശനം നടത്താനും ആശുപത്രികള്‍, പള്ളികള്‍, സിവിലിയന്‍മാര്‍ എന്നിങ്ങനെയുള്ള ആക്രമണങ്ങളെ പിന്തുണയ്ക്കാനും ബൈഡന്‍ തിടുക്കം കൂട്ടിയത് ”കയ്‌പേറിയതും നിര്‍ഭാഗ്യകരവുമാണെന്നും അമിറാബ്ദൊള്ളാഹിയന്‍ പറഞ്ഞു.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൊലപാതകത്തിനും കൂട്ടക്കൊലയ്ക്കും പിന്തുണ നല്‍കാന്‍ നൂറുകണക്കിന് വിമാനങ്ങളും കപ്പലുകളും ട്രക്കുകളും ആയുധങ്ങള്‍ നിറച്ച് അയയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെയും അമിറാബ്ദൊള്ളാഹിയന്‍ വിമര്‍ശിച്ചു.

ലെബനന്‍ അതിര്‍ത്തിയിലും സംഘര്‍ഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വടക്കന്‍ ഇസ്രയേലിലേയ്ക്ക് ഹിസ്‌ബൊള്ള മിസൈലാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഹിസ്‌ബൊള്ളക്കെതിരെ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഡ്രോണ്‍ വെടിവച്ചിട്ടതായും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.

ഇതിനിടെ ഗാസയിലേക്ക് സഹായ ഇടനാഴി വഴി 17 ട്രക്കുകള്‍ അയച്ചെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവശ്യ മരുന്നുകളാണ് പ്രധാനമായും അതിര്‍ത്തി കടന്നെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments