കോട്ടയം : അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. ലോക്സഭയിലേക്ക് മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മത്സരിക്കാനില്ലെന്ന കാര്യം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.
‘ഇക്കാര്യം നേരത്തേ തന്നെ കൃത്യമായി സൂചിപ്പിച്ചിരുന്നു. ഒരു കാരണവശാലും ലോക്സഭയിലേക്ക് കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയായി ജോസ് കെ.മാണി ഇല്ല’ – അദ്ദേഹം പറഞ്ഞു. ക്യാംപസുകളിൽ വിദ്യാർഥി സംഘടനയുടെ സാന്നിധ്യം കുറവാണെന്നും എസ്എഫ്ഐ അടിച്ചമർത്തുന്നുവെന്നുമുള്ള ആരോപണം കമ്മിറ്റിയിൽ ഉയർന്നതായി വന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, കമ്മിറ്റികളിൽ അങ്ങനെയൊരു അഭിപ്രായം വന്നിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി.