ന്യൂഡല്‍ഹി: ഹമാസ് ഇസ്രയേൽ യുദ്ധത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യന്‍ രാജകുമാരനും രാജ്യത്തെ മുന്‍ രഹസ്യാന്വേഷണ മേധാവിയുമായ തുര്‍ക്കി അല്‍ ഫൈസല്‍ അല്‍ സൗദ്. ഈ പോരാട്ടത്തില്‍ ആരും ഹീറോകളല്ലെന്നും എല്ലാം ഇരകള്‍ മാത്രമാണെന്നും ഇസ്രയേലിനെയും ഹമാസിനെയും കുറ്റപ്പെടുത്തുന്നതിനൊപ്പം രാജകുമാരന്‍ പറഞ്ഞു.
തുര്‍ക്കി അല്‍ ഫൈസല്‍ ഒരു യുഎസ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലെ പല ഭാഗങ്ങളും വൈറലായി. അധിനിവേശത്തെ ചെറുത്തതിന്റെ ഉദാഹരണമായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും പ്രസംഗത്തില്‍ എടുത്തു പറയുന്നുണ്ട്.
പലസ്തീനിലെ സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. മറ്റ് സംവിധാനങ്ങളാണ് ഉണ്ടാവേണ്ടത്. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെയും കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് സാമ്രാജ്യത്തെയും തകര്‍ത്തത് ആഭ്യന്തര കലാപമാണ്. പ്രായ ലിംഗഭേദമന്യേ മനുഷ്യരെ ആക്രമിക്കുന്ന ഹമാസിന്റെ നിലപാട്ഇസ്ലാമിക സ്വത്വത്തിന്റെ അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ്. നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൊല്ലുന്നതിനെതിരെയും ആരാധനാലയങ്ങളെ അവഹേളിക്കുന്നതിനെതിരെയും ഇസ്ലാമിക ഉത്തരവുകളുണ്ട്. സാര്‍വത്രികമായി ഒഴിവാക്കപ്പെട്ട ഇസ്രായേല്‍ സര്‍ക്കാരിന് ധാര്‍മ്മിക അടിത്തറ ഉണ്ടാക്കിക്കൊടുക്കാനാണ് ഹമാസ് സഹായിച്ചത്, അദ്ദേഹം പറഞ്ഞു.
ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തെക്കെുറിച്ച് യുഎസ് മാധ്യമങ്ങള്‍ പറഞ്ഞത് പ്രകോപനമില്ലാത്ത ആക്രമണം എന്നാണ്. എന്നാല്‍ മുക്കാല്‍ നൂറ്റാണ്ടായി പലസ്തീന്‍ ജനതയോട് ഇസ്രായേല്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പ്രകോപനം എന്താണ് വേണ്ടത്. ഈ രക്തച്ചൊരിച്ചില്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു. സൗദി രഹസ്യാന്വേഷണ ഏജന്‍സിയായ അല്‍ മുഖബറത്ത് അല്‍ അമയെ 24 വര്‍ഷത്തോളം നയിച്ച ഫൈസല്‍ ലണ്ടനിലെയും യുഎസിലെയും രാജ്യത്തിന്റെ അംബാസിഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്