ലണ്ടൻ: ഗസ്സയിൽ സിവിലിയന്മാർക്കുനേരെ നടത്തുന്ന ഇസ്രായേൽ ബോംബാക്രമണം അവസാനിപ്പിക്കണമെന്നും അടിയന്തര വെടിനിർത്തൽ വേണമെന്നും കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി. പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിന് പൂർണപിന്തുണ അറിയിച്ചിരുന്നു. കൂടാതെ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ പ്രമേയത്തിൽനിന്ന് ബ്രിട്ടൻ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഗസ്സയിലെ ലക്ഷക്കണക്കിന് സിവിലിയൻമാർക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും സുരക്ഷിതമായി എത്തിക്കാൻ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ ഔദ്യോഗികസഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതാവുകൂടിയായ കാൻറർബറി ആർച്ച് ബിഷപ് രംഗത്തെത്തിയത്. ജറൂസലമിലെ പാത്രിയാർക്കീസുമാരും വിവിധ സഭ തലവൻമാരും ചർച്ച് ഓഫ് ഇംഗ്ലണ്ടും സംയുക്തമായാണ് ആവശ്യം ഉന്നയിച്ചത്.