ഹൂസ്റ്റൺ: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഡിപ്ലോമാറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം റവ. ഫാദര്‍. അലക്‌സാണ്ടര്‍ ജെയിംസ് കുര്യന്‍ ജഡ്ജ് ജൂലി മാത്യുവിൽ നിന്ന് സ്വീകരിച്ചു. ഗ്ലോബൽ ഇന്ത്യൻ ന്യൂസ് സി.ഇ.ഒ തോമസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
സമാധാനത്തിന്റെ സന്ദേശവുമായി ആത്മസമര്‍പ്പണത്തിന്റെ അടയാളമായി മാറിയ വ്യക്തിത്വമാണ് റവ. ഫാദര്‍ അലക്‌സാണ്ടര്‍ ജെയിംസ് കുര്യൻ. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ഈ മുതിര്‍ന്ന വൈദികനാണ്.
1987ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബാള്‍ട്ടിമോറിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 14 വര്‍ഷം സീനിയര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി സ്വകാര്യ മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചു. 1998ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സെക്രട്ടറി മഡലീന്‍ ആല്‍ബ്രൈറ്റ് അദ്ദേഹത്തെ സ്ട്രാറ്റജിക് പ്ലാനിംഗ് ഓഫീസിന്റെ ഡയറക്ടറായി നിയമിച്ചു. ഈ സ്ഥാനം വഹിച്ച ആദ്യ ഇന്ത്യന്‍ വംശജനായ വ്യക്തിയാണ് റവ. ഫാദര്‍. അലക്‌സാണ്ടര്‍ ജെയിംസ് കുര്യന്‍. 18 പ്രധാന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്റര്‍നാഷണല്‍ പ്രോഗ്രാമുകള്‍ കൂടാതെ 147 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും 138 പുതിയ യുഎസ് എംബസികളും കോണ്‍സുലേറ്റുകളും നിര്‍മ്മിക്കുകയും ചെയ്തു. 15 മാസം ഇറാഖില്‍ ചെലവഴിച്ചു, അവിടെ റോക്കറ്റ് ആക്രമണത്തിന് വിധേയനായി. അതിജീവിച്ചു.
തുടര്‍ന്ന് റവ. ഫാദര്‍. അലക്‌സാണ്ടര്‍ ജെയിംസിനെ പ്രസിഡന്റ് ബരാക് ഒബാമ ഓഫീസ് ഓഫ് ഗവണ്‍മെന്റ് വൈഡ് പോളിസിയുടെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. തന്റെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കാലത്ത് അഞ്ച് യുഎസ് പ്രസിഡന്റുമാരുടെ കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറല്‍ റിയല്‍ പ്രോപ്പര്‍ട്ടി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രസിഡന്റ് ട്രംപ് നിയമിച്ചു. ഇപ്പോള്‍ പ്രസിഡന്റ് ബൈഡന്റെ കീഴില്‍ അഡ്മിനിസ്‌ട്രേഷന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായി സേവനമുഷ്ഠിച്ചു വരികയാണ്.
റവ. ഫാദര്‍. അലക്‌സാണ്ടര്‍ ജെയിംസ് കുര്യന്‍ രണ്ടായിരത്തില്‍ പ്രസിഡന്റ് ക്ലിന്റന്റെ ഇന്ത്യയിലും വിയറ്റ്‌നാമിലും നടത്തിയ ചരിത്രപരമായ സന്ദര്‍ശനങ്ങളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ 2006ല്‍ ഇന്ത്യയിലെ ഹൈദരാബാദ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ബുഷിനൊപ്പവും യാത്ര ചെയ്തു. മുംബൈ ബാന്ദ്ര കുര്‍ളയില്‍ പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വം കൂടിയാണ്.