അബുദാബി : പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെ അബുദാബിയിൽ ഫാമിലി ഫ്ലാറ്റുകൾക്കും വില്ലകൾക്കും ഡിമാൻഡും വിലയും കൂടി. ശരാശരി 5% വരെയാണ് വില വർധിച്ചത്. നഗരത്തിൽ കുടുംബമായി താമസിക്കുന്ന ചില പ്രദേശങ്ങളിൽ വാർഷിക വാടകയിൽ 2000 മുതൽ 5000 ദിർഹം വരെയാണ് കൂട്ടിയത്. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് 1000 മുതൽ 3000 ദിർഹം വരെയാണ്. കെട്ടിട വാടക കരാർ പുതുക്കുന്ന സമയത്താണ് വാടക കൂട്ടുന്നത്.
കോവിഡ് കാലത്തിനു ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ് പ്രകടമായതോടെ ഈ വർഷം ആദ്യം മുതൽ വാടക വർധിപ്പിച്ചു തുടങ്ങിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിച്ചുവരികയാണ്. സ്കൂൾ ഫീസും ബസ് ഫീസും കൂട്ടിയതോടെ പ്രവാസി കുടുംബങ്ങളുെട വരുമാനവും ചെലവും തമ്മിൽ ഒത്തുപോകാത്ത അവസ്ഥയുണ്ടെന്ന് മലയാളി കുടുംബങ്ങൾ സൂചിപ്പിച്ചു. വിവിധ ചെലവുകൾ വർധിക്കുമ്പോൾ ശമ്പളം ഉൾപ്പെടെ വരുമാനത്തിൽ കാര്യമായ മാറ്റമുണ്ടാകാത്തത് വിനയാകുന്നു.
ഇതോടെ പലരും സ്വന്തം പേരിലുള്ള ഫ്ലാറ്റ് ഒഴിവാക്കി വില്ലകളിലേക്കോ ഷെയറിങ് അക്കമഡേഷനിലേക്കോ മാറി ചെലവ് പിടിച്ചു നിർത്താൻ ശ്രമിക്കുന്നു. ജലവൈദ്യുതി ബിൽ ലാഭിക്കാമെന്നതാണ് വില്ലകളിലെ ആകർഷണം. കൂടാതെ കുട്ടികൾക്ക് കളിക്കാനും വാഹനം പാർക്ക് ചെയ്യാനുമുള്ള സൗകര്യവും കുടുംബങ്ങളെ വില്ലകളിൽ എത്തിക്കുന്നു.