ഇന്ത്യയുടെ ലക്ഷ്യം 2035ഓടെ ബഹിരാകാശ നിലയം സ്ഥാപിക്കലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഇതിന് മുന്നോടിയാണ് മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കുന്ന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് സോമനാഥ്.
ഗഗന്‍യാന്‍ ദൗത്യം വലിയൊരു തുടക്കമാണ്. ഇന്ത്യക്കാരനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതാണ് ഈ ദൗത്യം. അതിനുള്ള തുടക്കമെന്ന നിലയില്‍ ആദ്യത്തെ പടിയാണ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ദൗത്യമെന്നും സോമനാഥ് വ്യക്തമാക്കി.
ഏതെങ്കിലും വിധത്തില്‍ റോക്കറ്റിന് അപകടമുണ്ടായാല്‍ സഞ്ചാരികളെ രക്ഷിക്കാനുള്ള മിഷനായ അബോര്‍ട്ട് മിഷൻ്റെ പരീക്ഷണമാണ് ഇപ്പോള്‍ നടന്നത്. അത് വിജയകരമായിരുന്നു. ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളെല്ലാം സജ്ജീകരിച്ച ടെസ്റ്റ് വെഹിക്കിള്‍ റോക്കറ്റാണ് അബോര്‍ട്ട് മിഷനില്‍ വിക്ഷേപിച്ചത്. ഇനി ഇത്തരത്തിലുള്ള നാലുഘട്ട പരീക്ഷണങ്ങളുണ്ട്. പലഘട്ടങ്ങളില്‍ അപകടം ഉണ്ടായാല്‍ സഞ്ചാരികളെ എങ്ങനെ രക്ഷിക്കാം എന്നതിനാണ് ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്. ആളില്ലാത്ത പരീക്ഷണങ്ങളും നടക്കാനുണ്ട്. അതിനെല്ലാം ശേഷം മാത്രമേ ബഹിരാകാശത്തേയ്ക്ക് ആളെ കൊണ്ടുപോകാന്‍ കഴിയൂവെന്നും സോമനാഥ് പറഞ്ഞു.