ടെൽഅവീവ്: രണ്ട് ബന്ദികളെക്കൂടി മോചിപ്പിച്ച് ഹമാസ്. ബന്ദികളായിരുന്ന നൂറ് കൂപ്പറിനെയും യോചെവെദ് ലിഫ്ഷിറ്റ്സിനെയുമാണ് മോചിപ്പിച്ചത്. ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബന്ദികളെ മോചിപ്പിച്ചത്. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സം ബ്രിഗേഡ് ബന്ദികളെ മോചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വയോധികരായ രണ്ട് സ്ത്രീകളെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധികള്‍ക്ക് കൈമാറുന്നത് ദൃശ്യങ്ങളിലുണ്ട്.
ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മോചിപ്പിച്ച രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ അമേരിക്കന്‍ പൗരന്മാരായ രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതോടെ ഹമാസ് വിട്ടയച്ച ബന്ദികളുടെ ആകെ എണ്ണം നാലായി. അമേരിക്കൻ-ഇസ്രായേൽ പൗരത്വമുള്ള ജൂഡിത്ത്, മകൾ നതാലി റാനൻ എന്നിവരെ വെള്ളിയാഴ്ച തടവിൽ നിന്ന് മോചിപ്പിച്ചിരുന്നു. 200 ഓളം പേരെ ഹമാസ് ബന്ദികളാക്കിയതായാണ് ഇസ്രയേൽ നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഗാസയിലെ ഗുരുതരമായ സാഹചര്യം സംബന്ധിച്ച് ജോര്‍ദാനും മൗറിറ്റാനിയും അടക്കമുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുഎന്‍ പൊതുസഭയുടെ പ്രത്യേക അടിയന്തര സെഷന്‍ വിളിക്കും. വ്യാഴാഴ്ച യോഗം വിളിക്കുമെന്നാണ് യുഎന്‍ പൊതുസഭയുടെ പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ് വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷാ കൗണ്‍സിലിന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍, ജനറല്‍ അസംബ്ലി ശക്തമാക്കണമെന്നും ഡെന്നിസ് ഫ്രാന്‍സിസ് വ്യക്തമാക്കിയിട്ടുണ്ട്.