ലക്‌നൗ: രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദിവസങ്ങൾക്കുശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുസഫർനഗർ ജില്ലയിലെ മദ്രസകളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നത്.
ബ്ളോക്ക് എഡ്യുക്കേഷൻ ഓഫീസറാണ് മദ്രസകൾക്ക് നോട്ടീസ് നൽകിയതെന്ന് മുസഫർനഗറിലെ പ്രാഥമിക ശിക്ഷാ അധികാരി ശുഭം ശുക്ള മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ‘കൃത്യമായ അംഗീകാരമില്ലാതെ നൂറ് മദ്രസകൾ പ്രവർത്തിക്കുന്നതായി മുസഫർനഗറിലെ ന്യൂനപക്ഷ വിഭാഗം അറിയിച്ചിട്ടുണ്ട്. അവരോട് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ ബുദ്ധിമുട്ടേറിയതല്ല’- ശുഭം ശുക്ള പറഞ്ഞു.
അതേസമയം, മദ്രസ സംബന്ധമായ വിഷയങ്ങളിൽ ഇടപെടാൻ വിദ്യാഭ്യാസ വകുപ്പിന് ഉൾപ്പെടെ അധികാരമില്ലെന്ന് യു പി ബോർഡ് ഒഫ് മദ്രസ എഡ്യൂക്കേഷൻ ചെയർമാൻ ഇഫ്‌തികർ അഹ്മദ് ജാവേദ് പറഞ്ഞു. ‘ന്യൂനപക്ഷ വകുപ്പിന് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. സാധാരണ സ്‌കൂളുകൾ പോലെയല്ല മദ്രസകൾ. അതിനാൽതന്നെ സ്‌കൂളുകൾക്കുള്ള നിയമങ്ങൾ, പിഴകൾ തുടങ്ങിയവ മദ്രസകൾക്ക് ബാധകമാകില്ല. 1995ൽ സ്കൂളുകളുടെ നിയമങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും മദ്രസകളെ വേർപെടുത്തിയിരുന്നു’- ഇഫ്‌തികർ അഹ്മദ് ജാവേദ് വ്യക്തമാക്കി.
മുസഫർനഗറിലെ മദ്രസകൾക്ക് നോട്ടീസ് നൽകിയത് ചില പ്രത്യേക വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണെന്ന് ജമിയത്ത് ഉലേമ-ഇ-ഹിന്ദ് ഉത്തർപ്രദേശ് സെക്രട്ടറി ഖാരി സാക്കിർ കുറ്റപ്പടുത്തി. മൂന്നോ അഞ്ചോ ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് കഴിഞ്ഞില്ലെങ്കിൽ ദിവസം പതിനായിരം രൂപ പിഴ അടക്കേണ്ടതായി വരും. ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാൻ എങ്ങനെയാണ് കഴിയുകയെന്നും ഖാരി സാക്കിർ ചോദിച്ചു.