വാഷിങ്ടൺ: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച വാഷിങ്ടൺ സന്ദർശിക്കും. യു.എസ് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത മാസം സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കുന്നതാണ് വാങ്ങിന്റെ വാഷിങ്ടൺ യാത്രയെന്നാണ് റിപ്പോർട്ട്.
2017 ഏപ്രിലിലാണ് ഷി ഒടുവിൽ യു.എസിലെത്തിയത്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും വാങ് യിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധവും പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും ചർച്ചയാകും.
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായും വാങ് ചർച്ച നടത്തും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളും സൈനിക ശക്തികളുമായ ചൈനയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യവസായ സമൂഹം നിരന്തരം ആവശ്യപ്പെടുന്നുണ്ട്.