ന്യൂ ഓര്‍ലിയാന്‍സ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മുമ്പിലുള്ളത് കാണാന്‍ കഴിയാതായതോടെ ന്യൂ ഓര്‍ലിയാന്‍സില്‍ നിരവധി വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടങ്ങളില്‍ ഏഴു പേരെങ്കിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണ സംഖ്യ കൂടിയേക്കാമെന്നാണ് ഭയക്കുന്നത്. അപകടങ്ങളില്‍ 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാരിഷിലെ അന്തര്‍സംസ്ഥാന 55ലാണ് അപകടമുണ്ടായത്. കനത്ത മഞ്ഞും പുകപടലങ്ങളുമാണ് കാഴ്ചാപരിധി കുറച്ച് വാഹനങ്ങളുടെ കൂട്ടിയിടിക്ക് കാരണമായത്.
കൂട്ടിയിടിയെ തുടര്‍ന്ന് ചില വാഹനങ്ങള്‍ക്ക് തീ പിടിച്ച് കത്തിനശിച്ചു. ടാങ്കര്‍ ട്രക്ക് അപകടത്തില്‍പ്പെട്ടതാണ് തീ പിടുത്തത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
മുമ്പിലുള്ള വഴി കാണാതായതോടെ ഒരു കാര്‍ റോഡില്‍ നിന്നും വെള്ളത്തിലേക്കാണ് ഡ്രൈവ് ചെയ്തത്. അപടകം പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡ്രൈവറെ രക്ഷപ്പെടുത്താനായതായും പൊലീസ് വിശദമാക്കി.
കടുത്ത മഞ്ഞിനെ തുടര്‍ന്ന് വഴികള്‍ പലതും അടച്ചിടേണ്ടി വന്നു. പ്രദേശത്ത് നൂറോളം പേരാണ് കുടുങ്ങിക്കിടന്നതെന്നും അവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചതായും സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ ഷെരീഫ് മൈക്ക് ട്രെഗ്രേ പറഞ്ഞു.
ന്യൂ ഓര്‍ലിയാന്‍സിലെ നാഷണല്‍ വെതര്‍ സര്‍വീസ് കാലാവസ്ഥാ പ്രതിഭാസത്തെ ‘സൂപ്പര്‍ മൂടല്‍മഞ്ഞ്’ എന്നാണ് വി്‌ശേഷിപ്പിച്ചത്. സമാനമായ അപകടകരമായ കാലാവസ്ഥ ഈ ആഴ്ച അവസാനവും സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. മഞ്ഞും പുകയും കടുത്തതോടെ ദൃശ്യപരത മൂന്നു മീറ്ററില്‍ താഴെയായിരുന്നു.
രാത്രിയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനെ പറത്താന്‍ സഹായിച്ചതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. എന്നാല്‍ പല പ്രദേശങ്ങളിലും അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്.
അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് പരിക്കേറ്റവരെ സഹായിക്കാന്‍ പ്രാദേശിക മെഡിക്കല്‍ സെന്ററില്‍ രക്തം ദാനം ചെയ്യണമെന്ന അഭ്യര്‍ഥനയും നടത്തി.