ബംഗളൂരു: ഉപഭോക്താവിൽ നിന്ന് ക്യാരി ബാഗിന് 20 രൂപ വാങ്ങിയ ഹോം ഫർണിച്ചർ വിപണന ശൃംഖലയായ ഐകിയക്ക് 3000 രൂപ പിഴയിട്ട് ബംഗളൂരു കോടതി. ലോഗോയുള്ള പേപ്പർ ബാഗിന് സംഗീത ബൊഹ്‌റയെന്ന ഉപഭോക്താവിൽ നിന്ന് പണം വാങ്ങിയതിനാണ് സ്വീഡിഷ് കമ്പനിക്ക് പിഴയിട്ടത്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം അത് പാലിക്കാനും ഉപഭോക്താവിന് പലിശ സഹിതം 20 രൂപയും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകൾക്കായി 2000 രൂപയും നൽകാനും സ്വീഡിഷ് കമ്പനിയോട് ബെംഗളൂരു കോടതി ഉത്തരവിട്ടു.
2022 ഒക്‌ടോബർ ആറിന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിൽ വെച്ചാണ് ഇവരിൽനിന്ന് പേപ്പർ ബാഗിന് പണമീടാക്കിയത്. കമ്പനിയുടെ ലോഗോയുള്ള ബാഗിന് പണമീടാക്കിയത് ഇവർ ചോദ്യം ചെയ്തു. പർച്ചേസിന് മുമ്പ് ഇക്കാര്യം പറയാത്തത് എന്ത് കൊണ്ടാണെന്നും അവർ സ്റ്റാഫിനോട് ചോദിച്ചു. തുടർന്ന് അതേ മാസം തന്നെ സംഗീത ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. തുടർന്നാണ് വിധിയുണ്ടായത്. എന്നാൽ ബാഗിന് പണമീടാക്കുന്നത് അമാന്യ നടപടിയല്ലെന്നാണ് ഐകിയ പറയുന്നത്. പേപ്പർ ബാഗിന് പണം വാങ്ങുന്നത് അപ്രതീക്ഷിതമായല്ലെന്നും ചൂണ്ടിക്കാട്ടി.
ഉപഭോക്തൃ കമ്മീഷൻ തലവൻ ബി എൻ അരയണപ്പ, അംഗങ്ങളായ ജ്യോതി എൻ, ശരാവതി എസ് എം എന്നിവർ ഐകിയയുടെ വാദം തള്ളി. ‘ചരക്കുകൾ ഡെലിവറി ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിന് വേണ്ടി വരുന്ന എല്ലാത്തരം ചെലവുകളും വിൽപനക്കാരന് വഹിക്കേണ്ടിവരുമെന്ന് സംസ്ഥാന കമ്മീഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാൽ, ഉന്നയിക്കുന്ന തർക്കം സ്വീകാര്യമല്ല’ ഉപഭോക്തൃ കമ്മീഷൻ പറഞ്ഞു.