തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതിനെ ന്യായീകരിച്ച് എൻസിഇആർടി സമിതി അധ്യക്ഷൻ സി ഐ ഐസക്. കുട്ടികളിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ‘ഭാരത്’ പ്രയോഗമെന്ന് സിഐ ഐസക് പറഞ്ഞു. പൈതൃകത്തെ കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടാതിരിക്കാനാണ് നിര്‍ദ്ദേശം. വിഷ്ണുപുരാണം മുതൽ ഭാരതം എന്നാണ് പറയുന്നത്. ഹിന്ദു രാജാക്കന്‍മാരെ കുറിച്ച് കൂടുതല്‍ പഠിക്കണം. ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയുമായി ബന്ധമില്ല. ഈ വിഷയത്തിൽ ഒരു കോടതിയും ഇടപെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർത്താണ്ഡവർമ്മയെ ചരിത്രപുസ്തകങ്ങൾ വിസ്മരിച്ചെന്നും മുഗൾ ചരിത്രത്തിലെ ചില വിശദാംശങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്നും സി ഐ ഐസക് വിശദീകരിച്ചു.
മുഗളന്മാർക്കും സുല്‍ത്താന്മാർക്കും ബ്രിട്ടീഷുകാർക്കും മാത്രം പ്രാധാന്യം നല്‍കിയുള്ള ചരിത്രം പഠിപ്പിക്കുന്നതില്‍ നിന്ന് ഒരു മാറ്റമാണ് ഭാരത് എന്ന പേരുമാറ്റത്തിലൂടെ പ്രധാനമായും ഉദ്ദേശിച്ചതെന്ന് എന്‍ സി ഇ ആര്‍ ടി സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും ചരിത്രകാരനുമായ പ്രൊഫസര്‍ സി.ഐ ഐസക്. കുളച്ചല്‍ യുദ്ധമുള്‍പ്പെടെ ഇന്ത്യക്കാരുടെ പോരാട്ടങ്ങള്‍ക്ക് ചരിത്രപുസ്തകങ്ങളില്‍ വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
സുല്‍ത്താന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ചരിത്രമാണ് പഠിപ്പിക്കുന്നത് അതിനൊരുമാറ്റം വരണമെന്നാണ് ഉദ്ദേശിച്ചത്. ഇന്ത്യയുടെ പൈതൃകം പഠിച്ചുവളരുന്ന കുട്ടികള്‍ ഭാവിയില്‍ ഭീകരവാദത്തിലേക്ക് പോവില്ല..ഇതിന് പുറമേ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എല്ലാ ക്‌ളാസുകളിലും നിര്‍ബന്ധമായും എഴുതി പ്രദര്‍ശിപ്പിക്കണമെന്നതുള്‍പ്പെടെയുളള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. താന്‍ ഉന്നയിച്ച വിഷയം പൊതുജനങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ ആത്മ സംതൃപ്തി തോന്നുന്നുണ്ടെന്നും തന്‌റെ അധ്വാനത്തിന് ഫലം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു