കൊച്ചി: സിനിമയ്ക്ക് നെഗറ്റീവ് റിവ്യു എഴുതുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഹൈക്കോടതി നിർദേശം അനുസരിച്ച് സർക്കാർ വ്യക്തത വരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാ വ്യവസായം നിലനിൽക്കണമെങ്കിൽ ക്രിയേറ്റീവ് ആയ ചില നടപടിക്രമങ്ങൾ സ്വീകരിച്ചേ മതിയാകൂ. ഇപ്പോൾ കോടതിയുടെ മുന്നിൽ നിൽക്കുന്നതു കൊണ്ട് കോടതിയുടെ പരാമർശം കൂടി പരിഗണിച്ച് ഗവൺമെൻറ് ചില തീരുമാനങ്ങൾ കൈക്കൊള്ളും എന്നും മന്ത്രി അറിയിച്ചു.
ഡിജിപി പ്രോട്ടോകോൾ തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ചിലർ സിനിമ മേഖലയെ തകർക്കാൻ നെഗറ്റീവ് റിവ്യുവിലൂടെ ശ്രമിക്കുന്നുണ്ട്. അനാവശ്യമായ വാർത്ത കെട്ടിച്ചമയ്ക്കുകയും ചെയ്യുന്നുണ്ട്. നെഗറ്റീവ് റിവ്യു സിനിമയെ തകർക്കുന്നു. ഒടിടി പ്ലാറ്റ്ഫോമിലേക്ക് സിനിമ എടുക്കാൻ ആളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന കുറിച്ചും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ‘വിനായകന്റേത് ഒരു കലാപ്രവർത്തനമായി കണ്ടാൽ മതി. കലാകാരന്മാർക്ക് ഇടയ്ക്കിടെ കലാപ്രവർത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല,’ മന്ത്രി സജി ചെറിയാൻ പറഞ്ഞു.