ദുബായ്: യുഎഇയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ. ചൂടു കാലത്തോട് വിടപറയാനെത്തിയ മഴ ആളുകൾ നന്നായി ആസ്വദിക്കുന്നു.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെ രാവിലെ മുതൽ മഴ പെയ്യുകയാണ്. റോഡുകളിൽ പലയിടത്തും മഴ വെള്ളം കെട്ടി നിന്നു. ഇതുമൂലം ഗതാഗതം മന്ദഗതിയിലാണ്. ആകാശം മേഘാവൃതമായതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) രാജ്യത്തുടനീളം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചു. ദുബായ്, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെയാണ് മഴ റിപോർട്ട് ചെയ്തത്. ദുബായിൽ ഉച്ചയ്ക്ക് ശേഷവും മഴ തുടരുന്നു.
ദുബായില്‍ മഴ പെയ്തതിനെ തുടർന്ന് സ്കൂളിൽ പോയ മക്കളെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ. ചിത്രം: ഡോ.സഫ് വാൻ എസ്.കാവിൽ
അസ്ഥിരമായ കാലാവസ്ഥയുടെ തുടർച്ച ഉണ്ടാകുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മേഘാവൃതമോ ആയിരിക്കുമെന്നും എൻസിഎം റിപോർട്ട് ചെയ്തു. നാളെയും മഴ പ്രതീക്ഷിക്കാം. താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30ൽ താഴെയായിരിക്കുമെന്നും പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും പ്രതീക്ഷിക്കുന്നു. ദുബായിൽ ഇപ്പോൾ 29 ഡിഗ്രി സെൽഷ്യസാണ് മേഘാവൃതമായ ആകാശം. പരമാവധി ഈർപ്പം 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.