ജയ്പൂര്‍: കര്‍ണാടകത്തിലും ഹിമാചല്‍ പ്രദേശിലും തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ച തന്ത്രം രാജസ്ഥാനിലും പ്രയോഗിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ചൂടുപിടിക്കവേ കോണ്‍ഗ്രസ് വന്‍ വാഗ്ദാനങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, ഇന്‍ഷൂറന്‍സ്, കിലോക്ക് രണ്ടു രൂപക്ക് ചാണകം വാങ്ങും, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴ് വന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ അവതരിപ്പിച്ചത്. ജയ്പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്.
ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പും ടാബ്‌ലറ്റും, പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള നഷ്ടങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി നിയമം, 1.4 കോടി കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കിലോയ്ക്ക് രണ്ടുരൂപവെച്ച് പശുവിന്റെ ചാണകം വാങ്ങും, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, കുടുംബനാഥയ്ക്ക് പ്രതിവര്‍ഷം 10,000 രൂപ എന്നിവയും പത്രികയില്‍ ഇടം നേടിയിട്ടുണ്ട്.
നവംബര്‍ 25നാണ് സംസ്ഥാനത്തെ 200 നിയമസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം നടക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകളാണ് നേടിയത്. 73 സീറ്റുകളാണ് ബിജെപി നേടിയത്.