ന്യൂയോർക്ക്: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിച്ചു. ജോർദാന്റെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. 45 രാജ്യങ്ങൾ വോട്ടിംഗിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.
അതേസമയം ഇസ്രായേൽ കരസേനയുമായി കനത്ത ഏറ്റുമുട്ടൽ തുടങ്ങിയതായി ഹമസ് അറിയിച്ചു. കടൽ മാർഗം ഗസ്സയിലേക്ക് കയറാനുള്ള ഇസ്രായേൽ സേനയുടെ ശ്രമം പ്രതിരോധിച്ചതായും ഹമാസ് വ്യക്തമാക്കി. ബയ്ത്ത് ഹാനൂൻ, വടക്കൻ ഗസ്സ എന്നിവിടങ്ങളിൽ ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടൽ തുടരുകയാണ്.
അതിനിടെ ഗസ്സയിലെ ആശയവിനിമയ സംവിധാനങ്ങൾ തകർത്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടനാ ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിക്കില്ലെന്ന് ഡബ്ല്യു.എച്ച്.ഓ അറിയിച്ചു. അതേസമയം ലോകത്തിന്റെയും മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് വംശഹത്യനടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് ഹമാസ് ആരോപിച്ചു. ലോകരാജ്യങ്ങൾ എത്രയും പെട്ടെന്ന് ഈ കുട്ടക്കൊലക്കെതിരെ നടപടിയെടുക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.