ദില്ലി: 35 തവണ ലിസ്റ്റ് ചെയ്തശേഷം മാറ്റിവെച്ച എസ്.എന്‍.സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. കേസ് ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുക. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിനും കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. തിരക്ക് കാരണം കേസ് പരിഗണിക്കാന്‍ സമയം ലഭിക്കാത്തതിനാല്‍ അന്ന് മാറ്റിവെച്ചതാണിപ്പോള്‍ വീണ്ടും പരിഗണിക്കുന്നത്. വാദം കേട്ട മറ്റു കേസുകള്‍ നീണ്ടു പോയതിനാല്‍ സമയ പരിമിതി കാരണമാണ് ലാവലിന്‍ കേസ് ഒക്ടോബര്‍ പത്തിന് പരിഗണിക്കാതിരുന്നത്.
ജസ്റ്റിസ് സൂര്യകാന്തിന് പുറമെ, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കഴിഞ്ഞ സെപ്റ്റംബറിലും കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്‍റെ തിരക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.