വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് യുഎസ് മുൻ വൈസ് പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് പിന്മാറി. ഇത് തന്റെ സമയമല്ല. പ്രസിഡന്റിനായുള്ള തന്റെ പ്രചാരണം താൽക്കാലികമായി നിർത്താൻ താൻ തീരുമാനിച്ചു. ഇതൊരു വലിയ യുദ്ധമാണെന്ന് തങ്ങൾക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഖേദമില്ലെന്നും മൈക്ക് പെൻസ് പറഞ്ഞു. ലാസ് വെഗാസിൽ നടന്ന റിപ്പബ്ലിക്കൻ ജൂത സഖ്യത്തിന്റെ വാർഷിക യോഗത്തിലാണ് പ്രഖ്യാപനം.
പ്രചാരണം നടത്തിയിരുന്നെങ്കിലും ജനപ്രീതി കുറഞ്ഞതോടെയാണ് പെൻസിന്റെ പിന്മാറ്റം. ജിഒപി (ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി) ഡിബേറ്റിൽ പെൻസിന്റെ നിലപാടുകൾക്ക് വോട്ട് കുറഞ്ഞിരുന്നു. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്ന് പിന്മാറുന്ന മുഖ്യ സ്ഥാനാർത്ഥിയാണ് അറുപത്തിനാലുകാരനായ മൈക്ക് പെൻസ്.
അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും മത്സരിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർച്ചയായ സ്വാധീനവും വിവേക് രാമസ്വാമി, റോൺ ഡിസാന്റിസ് തുടങ്ങിയവരും കടുത്ത മത്സരമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തുന്നത്.