തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജനങ്ങളെ അടിമുടി കഷ്ടത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സപ്ലൈകോയിൽ സാധനമില്ല, ക്ഷേമ പെൻഷൻ വിതരണം അവതാളത്തിൽ, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല തുടങ്ങി സർക്കാരിന്റെ അനീതികൾ തുടർക്കഥയാകുകയാണ്.
സംസ്ഥാനം കടക്കെണിയിലായിരിക്കുന്നതിനാൽ ഇനി ഈ വർഷം കടം എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സർക്കാർ നീങ്ങി കൊണ്ടിരിക്കുന്നത്. ഇനി കേന്ദ്ര സർക്കാരിന്റെ വിഹിതത്തിലാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ മുഴുവൻ. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതം അടിയന്തരമായി ലഭിച്ചില്ലെങ്കിൽ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കാൾ രൂക്ഷമാകും എന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ.
വകുപ്പുകൾക്കും വിവിധ ക്ഷേമ പദ്ധതികൾക്കുമായി നൽകേണ്ട തുക കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരെയും ബാധിക്കുമെന്നതാണ് വാസ്തവം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടെ ലൈഫ് മിഷനും അനശ്ചിതാവസ്ഥയിൽ തുടരുകയാണ്.
സപ്ലൈകോയെ മാത്രം ആശ്രയിച്ചിരുന്ന ദിവസ വേതനക്കാരുടെ ജോലിയും നഷ്ടമായി. ഗ്രാമീണ മേഖലയിൽ 15 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയിൽ വിറ്റുവരവുണ്ടായിരുന്ന സപ്ലൈക്കോകളിൽ വരുമാനത്തിൽ നേരിയ കുറവാണ് ഇന്നുള്ളത്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ കേരള റൂറൽ ആന്റ് ആർബൺ ഡെവലപ്‌മെന്റ് കോർപറേഷൻ മുഖേന ലഭിക്കുന്ന വായ്പ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ മൊത്തം കടപരിധിയിൽ പെടുത്തും എന്ന ആശങ്കയിലാണ് സംസ്ഥാന സർക്കാർ.