ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് കടത്തിയ 1,414 വിഗ്രഹങ്ങൾ തിരികെ നൽകി അമേരിക്ക . ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന് സാധനങ്ങൾ കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.നിലവിൽ, പുരാവസ്തുക്കൾ പരിശോധിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഒരു സംഘത്തെ അമേരിക്കയിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുശേഷം സാധനങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും.
കഴിഞ്ഞ 4 വർഷത്തിനിടെ മാത്രം ഇന്ത്യ അമേരിക്കയിൽ നിന്ന് 400 ഓളം പുരാവസ്തുക്കൾ തിരികെ കൊണ്ടുവന്നു. കഴിഞ്ഞ ജൂലൈയിൽ അമേരിക്കൻ സന്ദർശന വേളയിൽ ഈ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു .
2ാം നൂറ്റാണ്ട് മുതൽ 19ാം നൂറ്റാണ്ട് വരെ പഴക്കമുള്ളവ ഇക്കൂട്ടത്തിലുണ്ട്. ടെറാകോട്ട, കല്ല്, ലോഹം, തടി തുടങ്ങിയവയിൽ തീർത്ത പുരാവസ്തുക്കളിൽ 50 എണ്ണത്തിന് മതപരമായ പ്രാധാന്യമുണ്ട്. ഇത്തരത്തിലെ 33 കോടി രൂപയുടെ 307 പുരാവസ്തുക്കൾ കഴിഞ്ഞ വർഷം ഒക്ടോബറിലും യു.എസ് ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു
സുഭാഷ് കപൂർ എന്നയാളുടെ അന്താരാഷ്‌ട്ര കള്ളക്കടത്ത് സംഘം കടത്തിയ പുരാവസ്തുക്കളാണ് ഇവയിലേറെയും. ഇന്ത്യൻ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ഇയാൾ നിലവിൽ തമിഴ്നാട് ജയിലിലാണ്. കള്ളക്കടത്തുകേസിലെ വിചാരണക്കായി ഇയാളെ യു.എസും ആവശ്യപ്പെട്ടിട്ടുണ്ട്.