കരുവന്നൂർ സഹകരണ ബാങ്കിൽ നാളെ മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും. അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ മടക്കി നൽകുക. നവംബർ 11 മുതൽ 50000 രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളും മടക്കി നൽകും. വായ്പത്തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആധാരങ്ങൾ പിടിച്ചെടുത്തത് തിരിച്ചടിയായെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി.
കരുവന്നൂരിലെ നിക്ഷേപകർക്ക് ഒടുവിൽ നീതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കെ നാളെ മുതൽ നിക്ഷേപം മടക്കി നൽകാൻ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണസമിതി നടപടി തുടങ്ങി. 134 കോടിയുടെ സ്ഥിരനിക്ഷേപത്തിൽ കാലാവധി കഴിഞ്ഞ 79 കോടി രൂപ മടക്കി നൽകുന്നതാണ് പാക്കേജ്. സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപകർക്ക് അമ്പതിനായിരം രൂപ വരെ പിൻവലിക്കാനും പാക്കേജിലൂടെ സാധിക്കും.
സഹകരണ ബാങ്കുകളുടെ കൺസോഷ്യം വഴി 17.4 കോടി രൂപ ലഭ്യമായിട്ടുണ്ട്. കൂടാതെ വിവിധ ബാങ്കുകളിൽ നിന്ന് 50 കോടി രൂപ കേരള ബാങ്ക് ഇടപെട്ട് കൺസോഷ്യമായി നൽകും. സഹകരണ വികസന ക്ഷേമനിധി ബോർഡിൻറെ അഞ്ചു കോടി രൂപ കൂടി ഉൾപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്.നവംബർ 20ന് ശേഷം ബാങ്കിൻറെ എല്ലാ ശാഖയിൽ നിന്നും സേവിങ്‌സ് അക്കൗണ്ട് നിക്ഷേപകർക്ക് പണം പിൻവലിക്കാം. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് നിശ്ചിത ശതമാനം പലിശ കൈപ്പറ്റിക്കൊണ്ട് പുതുക്കാനും അവസരം നൽകും. മടക്കി നൽകുന്ന പണം തിരികെ നിക്ഷേപമായിത്തന്നെ എത്തിച്ച് പ്രതിസന്ധികൾക്ക് വേഗത്തിൽ പരിഹാരം കാണാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ നീക്കം.