പി പി ചെറിയാൻ
വാഷിംഗ്ടൺ : അലബാമ റിപ്പബ്ലിക്കൻ സെനറ്റർ ടോമി ട്യൂബർവില്ലെ ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ മറികടന്ന് നാവികസേനയെ നയിക്കാൻ അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിയുടെ നോമിനേഷൻ സെനറ്റ് സ്ഥിരീകരിച്ചു, ഇതോടെ പെന്റഗൺ സർവീസ് മേധാവിയായ ആദ്യ വനിതയും ജോയിന്റ് ചീഫ്സിലെ ആദ്യ വനിതാ അംഗവുമായി ലിസ ഫ്രാഞ്ചെറ്റി.
യുഎസ് എയര്‍ഫോഴ്സിന്റെ ചീഫ് ഓഫ് സ്റ്റാഫായി ജനറല്‍ ഡേവിഡ് ആല്‍വിനെയും തെരഞ്ഞെടുത്തു. 95-1 എന്ന വോട്ടിനാണ് ഇരുവരുടെയും നിയമനം സെനറ്റ് അംഗീകരിച്ചത്. . അഫ്ഗാനിസ്ഥാനിലടക്കം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യോമസൈനികനാണ് ആല്‍വിന്‍.
നാവികസേനയുടെ വൈസ് ഓപ്പറേഷൻസ് ചീഫ് ഫ്രാഞ്ചെറ്റി, യുഎസ് ആറാമത്തെ ഫ്ലീറ്റിന്റെയും യുഎസ് നേവൽ ഫോഴ്‌സ് കൊറിയയുടെയും തലവനായിരുന്നു. ഫോർ-സ്റ്റാർ അഡ്മിറലായി സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ വനിതയായിരുന്നു അവർ, നാവികസേന ഡിസ്ട്രോയറിന്റെ കമാൻഡറായും എയർക്രാഫ്റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് കമാൻഡറാ യി രണ്ട് തവണയും പ്രവർത്തിച്ചിരുന്നു.