Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസര്‍ക്കാരിനെതിരെ 'കുറ്റവിചാരണ സദസ്സ്' സംഘടിപ്പിക്കാൻ യുഡിഎഫ്

സര്‍ക്കാരിനെതിരെ ‘കുറ്റവിചാരണ സദസ്സ്’ സംഘടിപ്പിക്കാൻ യുഡിഎഫ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ‘കുറ്റവിചാരണ സദസ്സു’കൾ സംഘടിപ്പിക്കാൻ യുഡിഎഫ്. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ 20 വരെ 140 നിയോജകമണ്ഡലങ്ങളിലും ‘കുറ്റവിചാരണ സദസ്സു’കൾ നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ സൂം മീറ്റിംഗിലാണ് തീരുമാനമായത്.

സര്‍ക്കാരിനെതിരായ കുറ്റവിചാരണ സദസ്സില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പുറമേ സര്‍ക്കാരില്‍ നിന്നു പണം കിട്ടാതെ ദുരിതം അനുഭവിക്കുന്ന നെല്‍, നാളികേര, റബ്ബര്‍ കര്‍ഷകര്‍, കെഎസ്ആര്‍ടിസി അടക്കമുള്ള സ്ഥാപനങ്ങളിലെ പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍, മത്സ്യ തൊഴിലാളികള്‍, സാമൂഹ്യക്ഷേമ പെന്‍ഷനും, ചികിത്സാ സഹായവും ലഭിക്കാത്തവര്‍, പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പെട്ടവരും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിക്കു കാത്തിരിക്കുന്ന തൊഴില്‍രഹിതര്‍ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കാനാണ് പദ്ധതി. ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പറയാന്‍ സമയം നല്‍കാനാണ് തീരുമാനം. കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുവാന്‍ നിയോജകമണ്ഡലം തലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കും.

നവംബര്‍ 10-ാം തീയതിയ്ക്കു മുന്‍പായി യുഡിഎഫ് ജില്ലാ കമ്മറ്റികളും, നവംബര്‍ 10 നും 15 നുമിടയിൽ യുഡിഎഫ് നിയോജകമണ്ഡലം നേതൃയോഗങ്ങളും, നവംബര്‍ 15നും 25നും ഇടയിൽ പഞ്ചായത്ത് തല നേതൃയോഗങ്ങൾ നടത്തുവാനും നിര്‍ദേശം നല്‍കിയതായി എം എം ഹസ്സന്‍ പറഞ്ഞു. കുറ്റവിചാരണ സദസ്സിന്റെ മുന്നോടിയായി നിയോജകമണ്ഡലം തലത്തില്‍ വിളംബര ജാഥകള്‍ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ നേതൃത്വത്തില്‍ ‘സേവ് സെക്കുലറിസം, സേവ് ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഫെബ്രുവരി മാസത്തില്‍ സംസ്ഥാനതല ജാഥ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments