കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കെ.എസ്.യു. കെ. എസ്. യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹർജിയിൽ കെഎസ് യു സ്ഥാനാർത്ഥി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിങ് പൂർത്തിയായപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇതിന് പിന്നാലെ കെ.എസ്.യു അട്ടിമറി ആരോപിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം കേരള വർമ കോളേജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുംവരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കഴിഞ്ഞദിവസം നിരാഹാര സമരം ആരംഭിച്ചിരുന്നു.