ഗാസ സിറ്റി: ഇസ്രയലിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും ഈ പോരാട്ടത്തിൽ ജീവത്യാഗത്തിന് തയ്യാറെന്നും ഹിസ്ബുള്ള തലവൻ സയദ് ഹസൻ നസ്റള്ള. ഇസ്രയലിനെതിരെ ഹമാസിന്റെ പോരാട്ടം പൂർണമായും പലസ്തീൻ ജനതയ്ക്കുവേണ്ടിയാണെന്നും രഹസ്യ സ്വഭാവമാണ് അത് വിജയത്തിലെത്തിച്ചതെന്നും സയദ് ഹസൻ നസ്റള്ള പറഞ്ഞു. ഹമാസിന്റെ തീരുമാനം ശരിയും ധീരവുമായിരുന്നു. അത് കൃത്യ സമയത് അവർ നടപ്പാക്കിയെന്നും സയദ് ഹസൻ നസ്റള്ള പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഹിസ്ബുള്ള തലവൻ പ്രതികരിക്കുന്നത്.
അതേസമയം അമേരിക്ക ഇസ്രേയലിന് കൂടുതൽ സൈനിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. 14.5 ബില്യൺ ഡോളർ സഹായമാണ് പാസാക്കിയിരിക്കുന്നത്. അമേരിക്ക ഉള്ളപ്പോള്‍ ഇസ്രേയൽ ഒറ്റക്കാവില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 220 വിദേശ പൗരൻമാർക്കൊപ്പം 33 അമേരിക്കകാരും കൊല്ലപ്പെട്ടു. ആ ദിനം ആവർത്തിക്കാതിരിക്കാൻ കൂട്ടായ പ്രവർത്തനം നടത്തുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.