റിയാദ്: പ്രവാസി വാരാചാരണ പരിപാടിക്ക് ദേശീയ ഐക്യ ദിനമായ ഒക്ടോബർ 31 ന് റിയാദ് ഇന്ത്യൻ എംബസിയിൽ തുടക്കമായി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിെൻറ പിന്തുണയിൽ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഭാരതീയർ തമ്മിൽ പരിചയപ്പെടാനും ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനും കലാസാംസ്കാരിക വിനിമയത്തിനുമായി അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നതാണ് ‘പ്രവാസി പരിചയ്’ വാരാചരണ പരിപാടി.
റിയാദിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ വാരാചരണം ഉദ്ഘാടനം ചെയ്തു.
ദേശീയ ഐക്യദിനമെന്ന സന്ദേശത്തിൽ ഊന്നി പ്രഥമ ഇന്ത്യൻ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിനെ അംബാസഡർ തെൻറ പ്രസംഗത്തിൽ അനുസ്മരിച്ചു. ‘എെൻറ മാതൃഭൂമി, എെൻറ രാജ്യം’ (മേരി മാതി േമരാ ദേശ്) എന്ന കാമ്പയിനിൽ കൂടുതൽ സജീവമാകാൻ പ്രവാസി ഭാരതീയരെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു സാംസ്കാരിക മഹോത്സവമാണ് പ്രവാസി പരിചയ് എന്ന് അംബാസഡർ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വീഡിയോ മെസേജിലൂടെ പരിപാടിക്ക് ആശംസ നേർന്നു. തുടർന്ന് പ്രശസ്ത ഗായകനും കവിയുമായ ജോണി ഫോസ്റ്ററിെൻറ ഗസൽ രാവും അരങ്ങേറി.
ഒക്ടോബർ 31 ന് ആരംഭിച്ച ‘പ്രവാസി പരിചയ്’ വാരാചരണം നവംബർ ഏഴിന് സമാപിക്കും. ഇതിെൻറ ഭാഗമായി ഫോട്ടോ പ്രദർശനം, ഇന്ത്യൻ പൈതൃകവും വാസ്തുവിദ്യയും സംബന്ധിച്ച് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ സംസ്ഥാനങ്ങളുടെ തനത് കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. ശനിയാഴ്ച സംസ്കൃതദിനം ആചരിക്കും. ഞായറാഴ്ച പുരാതന ഇന്ത്യൻ സാഹിത്യത്തെ കുറിച്ച് സെമിനാർ നടക്കും. തിങ്കളാഴ്ച വനിതാദിനാഘോഷത്തോടെ വാരാചരണത്തിന് സമാപനമാകും.