അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ആരംഭിക്കുന്നു. യുഎഇയിലെ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ എംബസി ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തി പരിഹാരം നേടാനുള്ള അവസരമാണ് വരുന്നത്. പരീക്ഷണാർഥം ആരംഭിക്കുന്ന ഓപ്പൺ ഹൗസ് 10ന് വൈകിട്ട് 3 മുതൽ 4 വരെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടക്കും.
തൊഴിൽ പ്രശ്നം, കോൺസൽ സേവനവുമായി ബന്ധപ്പെട്ട പരാതികൾ, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങൾ തുടങ്ങി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട ഏതു പ്രശ്നങ്ങളും അധികൃതരുടെ മുൻപാകെ ബോധ്യപ്പെടുത്തി സഹായം തേടാം. അതേസമയം, പാസ്പോർട്ട് എടുക്കൽ, പുതുക്കൽ, മറ്റു രേഖകൾക്ക് അപേക്ഷ നൽകുന്നത്, അറ്റ്റ്റേഷൻ തുടങ്ങി കോൺസൽ സേവനങ്ങൾ ഓപ്പൺ ഹൗസിൽ ലഭിക്കില്ല. ഇതിനായി പുറംസേവന കരാറുകാരായ ബിഎൽഎസ് ഇന്റർനാഷനലിനെ സമീപിക്കണം. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://shorturl.at/ntCMR ലിങ്കിൽ ക്ലിക് ചെയ്ത് റജിസ്റ്റർ ചെയ്യണമെന്നും ഇന്ത്യൻ എംബസി അഭ്യർഥിച്ചു.
പ്രഥമ ഓപ്പൺ ഹൗസിന്റെ പ്രതികരണം അറിഞ്ഞശേഷം വിപുലമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സൗകര്യാർഥം അംഗീകൃത സംഘടനകളുടെ സഹകരണത്തോടെ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഓപ്പൺ ഹൗസ് നടത്താനും പദ്ധതിയുണ്ട്. അവധി ദിവസങ്ങളിൽ ഓപ്പൺ ഹൗസ് നടത്തുന്നതും ആലോചിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.