ദുബായ് : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ചിലയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. അസ്ഥിര കാലാവസ്ഥയെ തുടർന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ കിഴക്ക്, വടക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളിൽ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും താപനില ഗണ്യമായി കുറഞ്ഞേക്കും. ജനങ്ങൾ ജാഗ്രത പാലിക്കണെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് പോകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു.