ചെന്നൈ: പോക്സോ കേസ് പ്രതിയും ഗ്രാനൈറ്റ് വ്യവസായിയുമായ ആർ. വീരമണിയുടെ വീട്ടുപരിസരത്ത് കുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലിനെത്തുടർന്ന് പൊലീസ് പരിശോധന നടത്തി. ചെന്നൈയിലെ ലോയ്ഡ്സ് റോഡിലുള്ള വീരമണിയുടെ വസതിയിൽ ജെസിബി ഉപയോഗിച്ച് കുഴിച്ചാണ് പരിശോധന നടത്തിയത്. എന്നാൽ ശനിയാഴ്ച വൈകിട്ടുവരെ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പരിശോധന ഞായറാഴ്ചയും തുടരുമെന്നാണ് റിപ്പോർട്ട്.
വീരമണിയുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി പ്രത്യേക പോക്സോ കോടതിയിൽ നൽകിയ മൊഴിയിലാണ് വീട്ടുവളപ്പിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് കണ്ടതായി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വീരമണിയുടെ മുൻ ഡ്രൈവറായ ബാലയ്ക്കും ഇയാളുടെ സഹായിയായ ശാന്തിക്കുമെതിരെ പൊലീസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള ബാലയെ അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിച്ചാണ് പരിശോധന നടത്തിയത്.
അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെയും തഹസിൽദാരുടെയും നേതൃത്വത്തിൽ 30ലധികം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. പൊലീസ്, റവന്യൂ വകുപ്പ്, ആശുപത്രി ജീവനക്കാർ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങിയ സംഘം വീടിന്റെ രണ്ട് ഭാഗങ്ങളിൽ പത്തടി വരെ ആഴത്തിൽ കുഴിച്ചുനോക്കി. മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടോയെന്നും ആരോപണവുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിക്കുമോയെന്നുമാണ് സംഘം പരിശോധിക്കുന്നത്.
അതേസമയം, വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായകമായ മറ്റൊരു നടപടിയും ഉണ്ടായി. കേസിൽ സമർപ്പിച്ച 720 പേജുള്ള കുറ്റപത്രത്തിൽ ഉൾപ്പെട്ട മൂന്ന് പൊലീസുകാരെ സർക്കാർ കാത്തിരിപ്പു പട്ടികയിലേക്ക് മാറ്റി. കേസിൽ പ്രതികൾക്ക് വഴിവിട്ട സഹായം നൽകിയെന്ന ആരോപണമാണ് ഇവർക്കെതിരെയുള്ളത്. മുൻ ചെന്നൈ പൊലീസ് കമ്മിഷണർ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ കേസിൽ പ്രതികളാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഒൻപത് കുട്ടികൾ ഉൾപ്പെട്ട ഏഴ് പോക്സോ കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്. കുട്ടികളെ വീരമണിയുടെ അടുത്തെത്തിക്കുന്നതിൽ ഡ്രൈവർമാർക്കും മറ്റ് സഹായികൾക്കും പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. ഇതുവരെ നടത്തിയ പരിശോധനയിൽ മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
Leave a Comment
Your comment will be visible after admin approval.