ടെൽ അവീവ്: ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഇല്ലെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനുപിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. വടക്കൻ ഗാസയിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇസ്രയേൽ സൈന്യം കര, കടൽ, വ്യോമമാർഗം ആക്രമണം ശക്തമാക്കി. 10 ഹമാസ് കമാൻഡർമാരെ ഇതുവരെ വധിച്ചെന്ന് ഐഡിഎഫ് പറഞ്ഞു. ഒട്ടേറെ ഹമാസ് താവളങ്ങൾ തകർത്തതായും അവകാശപ്പെട്ടു. വടക്കൻ ഗാസയിൽ അവശേഷിക്കുന്നവരോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുദ്ധം 29 ദിവസം പിന്നിട്ടതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9227 ആയി.
ഗാസയിൽ വീണ്ടും ഇസ്രായേൽ അഭയാർഥി ക്യാമ്പ് ആക്രമിച്ചിരുന്നു. മാഗ്സി ക്യാമ്പിന് നേരെയാണ് ശനിയാഴ്ച ഇസ്രായേൽ ആക്രമണം നടത്തിയത്. 51 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസുകൾക്ക് നേരെയും ഇസ്രയേൽ ബോംബിട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് റാഫ അതിർത്തിയിലേക്ക് പോവുകയായിരുന്ന, പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെയും റെഡ്ക്രസന്റിന്റെയും അഞ്ച് ആംബുലൻസുകളുടെ വ്യൂഹത്തിനുനേരെ ഇസ്രയേൽ ആക്രമണമുണ്ടായിരുന്നു. ഇതിൽ 15 പേർ കൊല്ലപ്പെട്ടു. ഇതുവരെ 25 ആംബുലൻസുകളാണ് ഇസ്രയേൽ തകർത്തത്. ആംബുലൻസ് ആക്രമിക്കുന്നതിൽ യു എൻ ശക്തമായ എതിർപ്പും ആശങ്കയും പ്രകടിപ്പിച്ചിരുന്നു.