റിയാദ്: സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി ബംഗ്ലാദേശി യുവതി. എസ്.എ 1546 വിമാനത്തിൽ സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ് മുപ്പതുകാരി പെൺകുഞ്ഞിനെ പ്രസവിച്ചത്.
യുവതി വിമാനത്തിൽ വെച്ച് പ്രസവിച്ചതായി ക്യാപ്റ്റൻ ജിദ്ദ എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിക്കും കുഞ്ഞിനും ആവശ്യമായ പരിചരണങ്ങൾ നൽകാൻ ജിദ്ദ എയർപോർട്ടിൽ മെഡിക്കൽ സംഘം സുസജ്ജമായി നിലയുറപ്പിച്ചു. യുവതിക്കും കുഞ്ഞിനും വേഗത്തിൽ പരിചരണങ്ങൾ നൽകാൻ എയർപോർട്ട് ടെർമിലിൽ ഏറ്റവും അടുത്തുള്ള ഗെയ്റ്റിനു സമീപം വിമാനം ലാൻഡ് ചെയ്യാൻ ക്യാപ്റ്റന് നിർദേശം നൽകി.
വിമാനം ലാൻഡ് ചെയ്തയുടൻ സൗദി വനിതാ പാരാമെഡിക്കൽ ജീവനക്കാർ അടങ്ങിയ മെഡിക്കൽ സംഘം യുവതിയെയും കുഞ്ഞിനെയും പരിശോധിച്ച് ആവശ്യമായ പരിചരണങ്ങൾ നൽകി. മാതാവിെൻറയും കുഞ്ഞിെൻറയും ആരോഗ്യ നില ഭദ്രമായത് ഉറപ്പുവരുത്തിയ ശേഷം ഇരുവരെയും പിന്നീട് ആംബുലൻസിൽ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റി.
സൗദി വനിതാ പാരാമെഡിക്കൽ സ്റ്റാഫ് പ്രോഗ്രാം ജിദ്ദ എയർപോർട്ട് കമ്പനി ആരംഭിച്ചിട്ടുണ്ട്. സൗദിയിൽ ഇത്തരമൊരു പ്രോഗ്രാം നടപ്പാക്കുന്ന ആദ്യ എയർപോർട്ട് ആണ് ജിദ്ദ വിമാനത്താവളം. അടിയന്തിര കേസുകളിലും ഗുരുതരാവസ്ഥയിലുള്ള കേസുകളിലും മെഡിക്കൽ സേവനങ്ങൾ നൽകാൻ സൗദി വനിതാ പാരാമെഡിക്കൽ ജീവനക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.