തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുക്കളായി എന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. നിരുപദ്രവകരമായിട്ടാണ് ഫോക്‌ലോര്‍ അക്കാദമി അങ്ങനെ ചെയ്തതെന്ന് പറഞ്ഞ മന്ത്രി ആദിവാസികളെ ഷോകേസ് ചെയ്യുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു.
പഴയ കാര്യങ്ങള്‍ പുതിയ കാലഘട്ടത്തില്‍ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്വം. പഴമയുടെ അവസ്ഥ എന്തായിരുന്നു എന്ന് കാണിക്കുന്നതാണ് ഫോക്‌ലോര്‍ അക്കാദമിയുടെ ഉത്തരവാദിത്വം അതിന്റെ ഭാഗമായിട്ടാണ് പഴയകാലത്ത് ജീവിതം ഒരുക്കിയതെന്ന് മന്ത്രി പറഞ്ഞു.അത് താന്‍ കണ്ടിട്ടില്ല. ഇന്നലെ ഇതറിഞ്ഞ വേളയില്‍ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടു. നിരുപദ്രവം ആയിട്ടാണ് അവര്‍ ചെയ്തത്. തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് ആദിവാസി ജനവിഭാഗം പ്രദര്‍ശന വസ്തു അല്ല എന്നത് തന്നെയാണ്. ഷോകേസ് വയ്‌ക്കേണ്ട ഒന്നല്ല ആദിവാസികള്‍. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഫോക്‌ലോര്‍ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.